നവിമുംബൈ വിമാനത്താവള നിർമാണം ജനുവരിയിൽ ആരംഭിക്കും

Posted on: October 3, 2014

Navi-mumbai-airport-bigനവി മുംബൈയിലെ നിർദിഷ്ട അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണപ്രവർത്തനങ്ങൾ 2015 ജനുവരിയിൽ ആരംഭിക്കുമെന്ന് സിഡ്‌കോ ജോയിന്റ് മാനേജിംഗ് ഡയറക്ടർ വി. രാധ. സ്ഥലം ഏറ്റെടുപ്പ് ഈ മാസം പൂർത്തിയാകും. ഭൂവികസനം, വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. 2,000 കോടി രൂപയാണ് ഇക്കാര്യങ്ങൾക്കു വേണ്ടി വരുന്ന ചെലവ്. വിമാനത്താവളത്തിന്റെ 14,500 കോടി രൂപ ചെലവു വരുന്ന ഒന്നാംഘട്ടം 2018 ഡിസംബറിൽ പൂർത്തിയാകുമെന്നും വി. രാധ പറഞ്ഞു.

ഭൂമി ഏറ്റെടുക്കലും പാരിസ്ഥിതിക അനുമതികളും വൈകുന്നതാണ് വിമാനത്താവള പദ്ധതിയുടെ നിർമാണം ആരംഭിക്കാനുള്ള മുഖ്യതടസം. 2,268 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കു വേണ്ടി കണ്ടെത്തേണ്ടത്. ഇതിൽ 1,160 ഹെക്ടർ വ്യോമയാന പ്രവർത്തനങ്ങൾക്കു (ടെർമിനൽ, റൺവേ, ടാക്‌സി വേ) വേണ്ടി മാത്രമുള്ളതാണ്. 671 ഹെക്ടർ സ്വകാര്യഭൂമി ഇനിയും ഏറ്റെടുക്കാനുണ്ട്. ഒക്ടോബർ 6 ന് ഗവൺമെന്റ് മുന്നോട്ടുവയ്ക്കുന്ന നഷ്ടപരിഹാര ഓഫർ സ്വീകരിക്കാൻ ഭൂമി വിട്ടുകൊടുക്കുന്നവരോട് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) എയ്‌റോഡ്രോം കോഡ് 4 അനുസരിച്ചാണ് നവിമുംബൈ വിമാനത്താവളത്തിന്റെ നിർമാണം. ആദ്യ പ്രവർത്തനവർഷം 10 ദശലക്ഷം (ഒരു കോടി) യാത്രക്കാരെയും 2020 ൽ 25 ദശലക്ഷവും 2025 ൽ 45 ദശലക്ഷം യാത്രക്കാരെയും കൈകാര്യം ചെയ്യാനാവും. 2030 ൽ 60 ദശലക്ഷം യാത്രക്കാരെയാണ് നവിമുംബൈ വിമാനത്താവളം ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ തന്നെ ഇരട്ട റൺവേകളുണ്ടാവും. 1997 ലാണ് വ്യോമായനമന്ത്രാലയം നവി മുംബൈയിലെ വിമാനത്താവളത്തിനു വേണ്ടിയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്.

പബ്ലിക്ക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ രീതിയിൽ വികസിപ്പിക്കുന്ന എയർപോർട്ട് കമ്പനിയുടെ 26 ശതമാനം ഓഹരികൾ സിഡ്‌കോയുടെ നിയന്ത്രണത്തിലാകും. ശേഷിക്കുന്ന ഓഹരി സ്വകാര്യസംരംഭകരുടെ വിഹിതമായിരിക്കും. യുഎസിലെ എൽബിജി-ഇൻഇകോ-റൈറ്റ്‌സ് കൺസോർഷ്യമാണ് നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുടെ മാസ്റ്റർപ്ലാൻ തയാറാക്കിയിട്ടുള്ളത്.