ജെപി ഹൈഡ്രോപവർ പ്ലാന്റുകൾ ഇനി റിലയൻസ് പവറിന്

Posted on: July 28, 2014

Anil-Ambani-Story

അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് പവർ ജെപി അസോസിയേറ്റ്‌സിൽ നിന്നു മൂന്നു ജലവൈദ്യുത പദ്ധതികൾ ഏറ്റെടുക്കാൻ ധാരണയായി. സബ്‌സിഡയറിയായ റിലയൻസ് ക്ലീൻ ജെൻ ലിമിറ്റഡ് മുഖേനയാണ് 18,00 മെഗാവാട്ട് ശേഷിയുള്ള മൂന്നു പ്ലാന്റുകൾ ഏറ്റെടുക്കുന്നത്. അൻപതു വർഷത്തിലധികം പ്രവർത്തനശേഷിയുള്ള പവർ പ്ലാന്റുകൾക്ക് 10,000 കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. കടബാധ്യതകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജയപ്രകാശ് അസോസിയേറ്റ്‌സ് ജലവൈദ്യുത പദ്ധതികൾ കൈയൊഴിയുന്നത്.

ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ റിലയൻസ് പവർ ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുതി ഉത്പാദകരായി മാറും. ഇപ്പോൾ അരുണാചൽ പ്രദേശിൽ 4,200 മെഗാവാട്ടും ഹിമാചൽപ്രദേശിൽ 700 മെഗാവാട്ടും ഉത്തരാഖണ്ഡിൽ 400 മെഗാവാട്ടും ഉത്പാദനശേഷിയുള്ള പ്ലാന്റുകൾ റിലയൻസ് പവറിനുണ്ട്. നേരത്തെ രണ്ടു പവർപ്ലാന്റുകൾ 1.6 ബില്യൺ യുഎസ് ഡോളറിന് അബുദാബി കൺസോർഷ്യത്തിനു വിൽക്കാൻ ജെപി ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നു. റിലയൻസുമായുള്ള ഇടപാട് രണ്ടു ബില്യൺ ഡോളറിന്റേതാണെന്നാണ് വിപണിവൃത്തങ്ങളുടെ നിഗമനം.