അദാനി ഗ്രൂപ്പ് തമിഴ്‌നാട്ടിൽ സോളാർ പാർക്ക് സ്ഥാപിക്കും

Posted on: July 4, 2015

Adani-Group-MoU-with--TN-Goചെന്നൈ : അദാനി ഗ്രൂപ്പ് തമിഴ്‌നാട്ടിൽ സോളാർ പാർക്ക് സ്ഥാപിക്കാൻ ഒരുങ്ങുന്നു. 4536 കോടി രൂപയാണ് മുതൽമുടക്ക്. മുഖ്യമന്ത്രി ജയലളിതയുടെ സാന്നിധ്യത്തിൽ തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപറേഷനും (ടാൻജെഡ്‌കോ) അദാനി ഗ്രൂപ്പും തമ്മിൽ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു. അദാനി ഗ്രൂപ്പ് എംഡി രാജേഷ് അദാനി ചടങ്ങിൽ സന്നിഹിതനായിരുന്നു.

രാമനാഥപുരം ജില്ലയിലെ കുമുദിയിലാണ് സോളാർ പാർക്ക് സ്ഥാപിക്കുന്നത്. മൊത്തം 648 മെഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഉത്പാദനം പൂർണമായും യൂണിറ്റ് ഒന്നിന് 7.01 രൂപ പ്രകാരം തമിഴ്‌നാട് ഗവൺമെന്റ് വാങ്ങും. സൗരോർജ്ജോത്പാദനത്തിന് ടാൻജെഡ്‌കോ 31 സ്വകാര്യ സംരംഭകരുമായി ധാരണയിലെത്തിയിട്ടുണ്ട്. 1084 മെഗാവാട്ട് ഊർജോത്പാദനമാണ് ലക്ഷ്യമിടുന്നത്.