യുഎഇ എക്‌സ്‌ചേഞ്ച് പുതിയ 300 ശാഖകൾ തുറക്കും

Posted on: June 19, 2015

UAE-Exchange-Logo-big

കൊച്ചി: യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ സ്‌മോൾ ബാങ്കിംഗ് ലൈസൻസ് ലഭിക്കുമെന്ന പ്രതീക്ഷയിൽ വൻ വികസനത്തിന് ഒരുങ്ങുന്നു. അടുത്ത അഞ്ചുവർഷക്കാലത്ത് ഇന്ത്യയിൽ 250-300 ശാഖകൾ തുറക്കും. ഇപ്പോൾ ഇന്ത്യയിൽ 400 ശാഖകളുണ്ട്. ഓരോ വർഷവും 50 ശാഖകൾ വീതം തുറക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ വി. ജോർജ് ആന്റണി പറഞ്ഞു. നടപ്പുവർഷം 700 പേരെ റിക്രൂട്ട് ചെയ്യും. ഇന്ത്യയിലൊട്ടാകെ 3800 ജോലിക്കാരും 5000 ഏജന്റുമാരും കമ്പനിക്ക് ഇപ്പോഴുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക ഉൾപ്പെടുത്തലിനു മുൻഗണന നല്കുന്ന കമ്പനി ഇപ്പോൾ ചെറിയ തുകയ്ക്കുളള വായ്പകൾ നൽകിവരുന്നു. കമ്പനി ഇപ്പോൾ വ്യക്തിഗത വായ്പ, വാഹന വായ്പ, സ്വർണത്തിന്റെ ഈടിന്മേൽ വായ്പ തുടങ്ങിയവ നല്കിത്തുടങ്ങിയിട്ടുണ്ട്. ധനകാര്യസേവനമേഖലയിൽ ശക്തമായി തുടരണമെങ്കിൽ വായ്പാ ബിസിനസിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നത് കമ്പനി മനസിലാക്കുന്നു. വ്യക്തിഗത വായ്പയുടെ ശരാശരി വലുപ്പം 50,000 രൂപയോളമാണ്. ഇതിനു വൻ ഡിമാൻഡാണുളളതെന്നും ജോർജ് ആന്റണി പറഞ്ഞു. ഗോൾഡ് ലോൺ ഉൾപ്പെടെ ഇപ്പോൾ കമ്പനി ഏതാണ്ട് 500 കോടി രൂപയോളം വായ്പ നല്കിയിട്ടുണ്ട്. വ്യക്തിഗത വായ്പ മുൻവർഷത്തേതിന്റെ ഇരട്ടിയാക്കുവാനുദ്ദേശിക്കുന്നു.

കഴിഞ്ഞ തവണ ബാങ്കിംഗ് ലൈസൻസ് കിട്ടാതെ പോയതിന്റെ ഒറ്റക്കാരണം സാമ്പത്തിക ഉൾപ്പെടുത്തൽ ഇല്ലാതെ പോയതുകൊണ്ടാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.സാമ്പത്തിക ഉൾപ്പെടുത്തലിന്റെ ഭാഗമായി വായ്പ നല്കുന്നതിനു പുറമേ ഇ- വാലറ്റ് മേഖലയിലേക്കു കടക്കുവാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. കമ്പനി ജൂണിൽ ഉപയോക്തൃ വിശ്വസ്തത മാസം ആചരിച്ചുവരികയാണ്. ഇതനുസരിച്ച കമ്പനിയുടെ ഏതെങ്കിലും ശാഖയിൽ ഇടപാടു നടത്തുന്നയാൾക്കു പ്രതിദിന ഭാഗ്യനറുക്കെടുപ്പിൽ പങ്കെടുത്ത് ഐ-ഫോൺ 6 സമ്മാനമായി നേടാം. മാസാവസാനം നടക്കുന്ന മെഗാ നറുക്കെടുപ്പിലും പങ്കെടുക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.