നെസ്‌ലെ മാഗി നൂഡിൽസ് പിൻവലിച്ചു

Posted on: June 5, 2015

Maggi-Noodles-productline-B

മുംബൈ : നെസ്‌ലെ മാഗി നൂഡിൽസ് വിപണയിിൽ നിന്നും പിൻവലിച്ചു. ആറ് സംസ്ഥാനങ്ങൾ നിരോധനം ഏർപ്പെടുത്തുകയും 10 സംസ്ഥാനങ്ങൾ നൂഡിൽസ് സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കമ്പനിയുടെ തീരുമാനം. അനുവദനീയമായ അളവിൽ കൂടുതൽ മോണോസോഡിയം ഗ്ലുട്ടാമേറ്റും (എംഎസ്ജി) ഈയവും (ലെഡ്) ഉണ്ടെന്ന ആരോപണമുയർന്നതിനെ തുടർന്നാണ് മാഗി നൂഡിൽസ് പിൻവലിക്കേണ്ടി വന്നത്. അതേസമയം മാഗി നൂഡിൽസ് സുരക്ഷിതമാണെന്ന നിലപാടിലാണ് ഇപ്പോഴും നെസ്‌ലെ. മാഗി നൂഡിൽസിന്റെ 1000 ബാച്ചുകൾ സ്വന്തം ലബോറട്ടറിയിൽ പരിശോധിച്ചതിൽ അനുവദനീയമായതിൽ കവിഞ്ഞൊന്നും കണ്ടെത്തിയില്ലെന്ന് നെസ് ലെ വ്യക്തമാക്കി.

മാഗി പിൻവലിക്കാനുള്ള തീരുമാനം നെസ് ലെയുടെ വിതരണക്കാരെയും പ്രതിസന്ധിയിലാക്കി. നൂഡിൽസ് വിപണിയിൽ 75 ശതമാനം വിപണിവിഹിതമുണ്ടായിരുന്ന ബ്രാൻഡാണ് മാഗി. ഓൾ ഇന്ത്യ കൺസ്യൂമർ പ്രോഡക്ട്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷൻ ഇതു സംബന്ധിച്ച ആശങ്ക നെസ്‌ലെയെ അറിയിച്ചുകഴിഞ്ഞു. വിപണിയിൽ നിന്ന് മാഗി പിൻവലിക്കാൻ തീരുമാനിച്ചതോടെ ഏഴ് പ്ലാന്റുകളിലെയും ഉത്പാദനവും നിർത്തലാക്കും. പഞ്ചാബ്, ഗോവ, ഉത്തരഖണ്ഡ്, കർണാടക, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലാണ് നെസ്‌ലെയുടെ പ്ലാന്റുകൾ. കൂടാതെ ഡൽഹിയിലും പശ്ചിമബംഗാളിലും ഓരോ പ്ലാന്റുകളിൽ കരാർ അടിസ്ഥാനത്തിലും മാഗി ഉത്പാദിപ്പിച്ചിരുന്നു.

ഉത്തർപ്രദേശ് ഫുഡ് സേഫ്ടി വിഭാഗം നടത്തിയ സാംപിൾ പരിശോധനയിൽ രാസവസ്തുക്കൾ കണ്ടെത്തിയ ബാച്ചിലെ രണ്ട് ലക്ഷം പായ്ക്കറ്റ് മാഗി തിരിച്ചുവിളിക്കണമെന്ന് നിർദ്ദേശിച്ചതോടെയാണ് നെസ്‌ലെ വിഷമവൃത്തത്തിലായത്.