കല്യാൺ ജുവല്ലേഴ്‌സ് 1,800 കോടി രൂപയുടെ വികസനത്തിന്

Posted on: May 24, 2015

Kalyan-Jewellers-Showroom-b

ന്യൂഡൽഹി : കല്യാൺ ജുവല്ലേഴ്‌സ് 2016-17 ധനകാര്യവർഷം 1,800 കോടി രൂപയുടെ വികസനപദ്ധതികൾ നടപ്പാക്കും. ഭുവനേശ്വവർ, നാഗ്പൂർ, ഔറംഗബാദ്, കോൽക്കത്ത എന്നിവിടങ്ങളിൽ പുതിയ ഷോറൂമുകൾ തുറക്കും. ഖത്തറിലും കല്യാൺ ജുവല്ലേഴ്‌സിന്റെ ഷോറൂമുകൾ ആരംഭിക്കും. യുഎഇയിലും കുവൈറ്റിലും മാത്രമാണ് ഇപ്പോൾ ഷോറൂമുകളുള്ളത്. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്കും കല്യാൺ കടന്നുചെല്ലും.

ഓൺലൈൻ വിപണിയിലേക്കും ഈ വർഷം കല്യാൺ പ്രവേശിക്കും. ഇതിനായി സ്വന്തം പോർട്ടൽ ആരംഭിക്കും. നടപ്പുവർഷം (2015-16) 13,000 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് കല്യാൺ ജുവല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. കല്യാണരാമൻ പറഞ്ഞു. മുൻവർഷത്തേക്കാൾ 30 ശതമാനം വളർച്ച. കഴിഞ്ഞ വർഷം 10,000 കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു. നിലവിൽ 81 ജുവല്ലറി ഷോറൂമുകളാണ് കല്യാണിനുള്ളത്. കഴിഞ്ഞവർഷം വിദേശനിക്ഷേപ സ്ഥാപനമായ വാർബർഗ് പിങ്കസ് 12,00 കോടി രൂപ മുതൽമുടക്കി കല്യാണിന്റെ 15 ശതമാനം ഓഹരികൾ വാങ്ങിയിരുന്നു.