ജിയോജിത്തിന് 52.49 കോടി മൊത്തവരുമാനം

Posted on: November 15, 2013

Geojit-BNPസ്‌റ്റോക്ക് ബ്രോക്കിംഗ് കമ്പനിയായ ജിയോജിത്തിന് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 52.49 കോടി മൊത്തവരുമാനം. മുൻവർഷം ഇതേകാലയളവിലെ 66.21 കോടിയേക്കാൾ 21 ശതമാനം കുറവാണിത്. നടപ്പുധനകാര്യവർഷം ആദ്യത്തെ ആറുമാസക്കാലത്ത് സംയോജിത വരുമാനം 111.83 കോടിയായി. മുൻവർഷം സംയോജിതവരുമാനം 125.06 കോടിയായിരുന്നു.

നാഷണൽ സ്‌പോട്ട് എക്‌സ്‌ചേഞ്ചിലെ പേമെന്റ് ക്രൈസിസിന്റെ ഭാഗമായി ജിയോജിത്ത് ക്രെഡിറ്റ്‌സ് ഏറ്റെടുക്കേണ്ടി വന്ന ബാധ്യത പൂർണമായും വകയിരുത്താൻ ഡയറക്ടർബോർഡ് തീരുമാനിച്ചു. 131.34 കോടി രൂപയാണ് ഇപ്രകാരം നീക്കി വയ്‌ക്കേണ്ടി വരുന്നത്. ഇതു കണക്കിലെടുത്താൽ രണ്ടാം ക്വാർട്ടറിൽ 94.20 കോടിയാണ് സഞ്ചിത നഷ്ടം. വിവിധ ഏജൻസികൾ അന്വേഷണം നടത്തിവരുന്ന സാഹചര്യത്തിൽ എൻഎസ്ഇഎല്ലിൽ നിന്നും കുടിശിക തിരികെ ലഭിച്ചേക്കുമെന്നു ജിയോജിത്ത് ബിഎൻപി പാരിബാസ് മാനേജിംഗ് ഡയറക്ടർ സി.ജെ. ജോർജ് പറഞ്ഞു.

വകയിരുത്തലുകൾ മാറ്റിനിർത്തിയാൽ രണ്ടാം ക്വാർട്ടറിൽ നികുതിക്കു മുമ്പുള്ള ലാഭം 12.50 കോടി. അതായത് മുൻവർഷം ഇതേകാലയളവിലെ 18.51 കോടിയിൽ നിന്ന് 33 ശതമാനം കുറവ്. നടപ്പുധനകാര്യവർഷം ആദ്യത്തെ ആറുമാസക്കാലത്ത് വകയിരുത്തലുകൾ ഒഴിവാക്കിയാൽ നികുതിക്കു മുമ്പുള്ള ലാഭം 29.13 കോടി രൂപ.