ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആധാര്‍ സേവാ കേന്ദ്രങ്ങള്‍ തുടങ്ങി

Posted on: July 25, 2020


തൃശ്ശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യുടെ ആധാര്‍ സേവനങ്ങള്‍ നേരിട്ടു നല്‍കുന്ന കേന്ദ്രങ്ങള്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖകളിലും തുടങ്ങി. തൃശൂരിലെ പട്ടിക്കാട്, വടക്കഞ്ചേരി, പഴയന്നൂര്‍, കൊടുങ്ങല്ലൂര്‍, വാടാനപ്പള്ളി എന്നിവിടങ്ങളിലെ ഇസാഫ് ശാഖകളില്‍ ആധാര്‍ സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു.

പട്ടിക്കാട് ശാഖയിലെ സേവാ കേന്ദ്രം ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ആധാര്‍ എന്റോള്‍മെന്റ് സേവനങ്ങള്‍ ഇവിടെ പൂര്‍ണമായും സൗജന്യമാണ്. മറ്റ് ആധാര്‍ സേവനങ്ങള്‍ക്ക് യുഐഡിഎഐ നിശ്ചയിച്ച ചെറിയ ഫീ മാത്രം മതിയാകും. ബാങ്ക് ഉപഭോക്താക്കള്‍ക്കു പുറമെ പൊതുജനങ്ങള്‍ക്കും പ്രവാസികള്‍ക്കും ഈ സേവാ കേന്ദ്രങ്ങളിലെ ആധാര്‍ സേവനങ്ങള്‍ ലഭ്യമാണ്.

യുഐഡിഎഐ വെബ്സൈറ്റില്‍ ബുക്ക് ചെയ്തും നേരിട്ടെത്തിയും ബാങ്ക് ശാഖകളിലെ ആധാര്‍ സേവാ കേന്ദ്രയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ആദ്യഘട്ടത്തില്‍ രാജ്യത്തുടനീളം 50 ശാഖകളിലാണ് ഇസാഫ് ആധാര്‍ സേവനങ്ങള്‍ ആരംഭിക്കുന്നത്. യുഐഡിഎഐ ബാംഗ്ലൂര്‍ ഓഫീസിന്റെ സഹായത്തോടെയാണ് ഇസാഫ് പദ്ധതി നടപ്പിലാക്കുന്നത്.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റുമാരായ ജോര്‍ജ്ജ് കെ. ജോണ്‍, ജോര്‍ജ്ജ് തോമസ്, അജയന്‍ എം.ജി, ബ്രാഞ്ച് ബാങ്കിംഗ് മേധാവി ഹരി വെള്ളൂര്‍, ഡിജിറ്റല്‍ ബാങ്കിംഗ് മേധാവി സ്വാമിനാഥന്‍ കെ, ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസ് സ്ഥാപക മെറീന പോള്‍, യുഐഡിഎഐ റീജണല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ദാഷ് എല്‍. കെ, പട്ടിക്കാട് ബ്രാഞ്ച് ഹെഡ് റോസിലി പി. എന്നിവര്‍ പങ്കെടുത്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ദേവസ്സി പി.ജെ ആദ്യമായി സേവാ കേന്ദ്രത്തിന്റെ സേവനം ഉപയോഗിച്ചു.