വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും സാമ്പത്തിക സഹായവുമായി ബാങ്ക് ഓഫ് ബറോഡ

Posted on: April 8, 2020

കൊച്ചി: കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ വനിതാ സ്വയം സഹായ ഗ്രൂപ്പുകള്‍ക്കും (എസ്.എച്ച്.ജി), കര്‍ഷകര്‍ക്കും ആഭ്യന്തര, കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അടിയന്തര സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതിനും പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു. വനിത സ്വാശ്രയ ഗ്രൂപ്പുകള്‍ക്കുള്ള അധിക പരിരക്ഷ കോവിഡ്-19 സ്‌കീമിന് കീഴില്‍, നിലവിലുള്ള എസ്എച്ച്ജികള്‍ക്ക് ക്യാഷ് ക്രെഡിറ്റ് (സി.സി), ഓവര്‍ഡ്രാവ്റ്റ് (ഒ.ഡി), ടേം ലോണ്‍ (ടി.എല്‍), ഡൗണ്‍ ലോണ്‍ (ഡി.എല്‍) രൂപത്തില്‍ ബാങ്ക് പിന്തുണ നല്‍കും.

ഒരു സ്വാശ്രയ സംഘത്തിന് കുറഞ്ഞത് 30,000 രൂപയും പരമാവധി ഒരു അംഗത്തിന് ഒരു ലക്ഷം രൂപ വരെയും വായ്പ തുക അനുവദിക്കും. 24 മാസത്തിനുള്ളില്‍ ഈ തുക തിരിച്ചടയ്ക്കാം. പ്രതിമാസ/്രൈതമാസ അടിസ്ഥാനത്തിലായിരിക്കും ഈ സ്‌കീമിനായുള്ള തിരിച്ചടവ്. തുക വിതരണം ചെയ്ത തീയതി മുതല്‍ ആറുമാസത്തേക്ക് ആയിരിക്കും മൊറട്ടോറിയം.

ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷന്‍ (എഫ്.പി.ഒ), ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനീസ് (എഫ്.പി.സി) എന്നിവയുടെ താല്‍ക്കാലിക പണലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബറോഡ എമര്‍ജന്‍സി ക്രെഡിറ്റ് ലൈനിന് കീഴില്‍ സംയോജിത പരിധിയുടെ 10% എന്ന നിലയില്‍ 36 മാസ കാലയളവിലേക്ക് പരമാവധി അഞ്ചു ലക്ഷം രൂപ അനുവദിക്കും. ആറുമാസമാണ് പരമാവധി മൊറട്ടോറിയം കാലയളവ്. ക്ഷീര, മത്സ്യബന്ധനം ഉള്‍പ്പെടെ നിലവിലുള്ള കാര്‍ഷിക നിക്ഷേപ ക്രെഡിറ്റ് വായ്പക്കാര്‍ക്കായി ബറോഡ പ്രത്യേക പദ്ധതി പ്രകാരം കാര്‍ഷിക പരിപാലനത്തിനും മറ്റു കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇന്‍സ്റ്റന്റ് ക്രെഡിറ്റ് നല്‍കും. മറ്റു കാര്‍ഷിക പ്രവര്‍ത്തന പരിധിയുടെ 10 ശതമാനവും (കുറഞ്ഞത് 10000 രൂപ), പരമാവധി 50000 രൂപയും ഈ സ്‌കീമിലൂടെ നിലവിലുള്ള പതിവ് നിക്ഷേപ ക്രെഡിറ്റ് അഗ്രികള്‍ച്ചര്‍ അക്കൗണ്ടുകള്‍ക്ക് നല്‍കും.

നിലവിലുള്ള വിള വായ്പക്കാര്‍ക്കായി ബറോഡ പ്രത്യേക പദ്ധതി പ്രകാരം, കാര്‍ഷിക ആവശ്യങ്ങള്‍ക്കും അനുബന്ധ ആഭ്യന്തര ആവശ്യങ്ങള്‍ക്കുമായി ഇന്‍സ്റ്റന്റ് വായ്പ നല്‍കുന്നതിനുള്ള പദ്ധതിയും ആരംഭിച്ചു. കെ.സ.ിസി അനുമതി പരിധിയുടെ 10%, അതായത് കുറഞ്ഞത് 10000 രൂപയും പരമാവധി 50000 രൂപയും നിലവിലുള്ള സാധാരണ കെസിസി ഉടമകള്‍ക്ക് ഇതുവഴി വായ്പയായി നല്‍കും.

TAGS: Bank Of Baroda |