ലുലു ഫോറെക്‌സ് ശാഖ ലുലു മാളിൽ

Posted on: November 16, 2014

Lulu-Forex-Inaugration-@-lu

ലുലു ഫോറെക്‌സിന്റെ 25-ാമത് ശാഖ കൊച്ചി ഇടപ്പള്ളിയിലെ ലുലു മാളിൽ പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം.എ. യൂസഫലി ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്തെ 25-ാമത് ശാഖ കേരളത്തിൽ തന്നെ ആയതിൽ തികഞ്ഞ സന്തോഷമുണ്ടെന്ന് യൂസഫലി പറഞ്ഞു. ഏറ്റവും സുതാര്യവും കൃത്യവുമായ സേവനം ഉപഭോക്താക്കൾക്കു നൽകുക എന്നതാണു കമ്പനിയുടെ ലക്ഷ്യം. ലുലു മാളിലെത്തുന്ന ഉപഭോക്താക്കൾക്കു മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമാണിത്. ഏറ്റവും മികച്ച സാങ്കേതികവിദ്യയും സംവിധാനങ്ങളും ഇതിനായി ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു വർഷമായി അഭിമാനാർഹമായ നേട്ടമാണു ലുലു ഫൊറെക്‌സ് രാജ്യത്ത് കൈവരിച്ചിരിക്കുന്നതെന്നു ലുലു ഫോറെക്‌സ് ഡയറക്ടറും ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സിഇഒയുമായ അദീബ് അഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ കുതിപ്പിനൊപ്പം മികച്ച പ്രവർത്തനങ്ങൾ നടത്തുകയാണു ലക്ഷ്യം. ഇന്ത്യയുടെ വിദേശ കറൻസി വിനിമയ രംഗത്തും മണിട്രാൻസ്ഫർ മേഖലയിലുമാണു ലുലു ഫോറെക്‌സ് പ്രവർത്തിക്കുന്നത്.

ലുലു ഫോറെക്‌സിന്റെ 13 ശാഖകൾ കേരളത്തിലുണ്ട്. കർണാടക, മഹാരാഷ്ട്ര, ഗോവ, ബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിലായാണ് മറ്റു ശാഖകൾ ഉള്ളത്. 2015 പകുതിയോടെ 11 പുതിയ ശാഖകൾ കൂടി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി ആരംഭിക്കും. മാലദ്വീപ്, സീഷെൽസ്, മൗറീഷ്യസ് എന്നിവിടങ്ങളിലും പുതിയ ശാഖകൾ ആരംഭിക്കും.

2011 ഒക്ടോബറിലാണ് ലുലു ഫോറെക്‌സ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ തുടങ്ങിയത്. വെസ്‌റ്റേൺ യൂണിയൻ, മണിഗ്രാം, ട്രാൻസ്ഫാസ്റ്റ്, എക്‌സ്പ്രസ് മണി തുടങ്ങിയ നിരവധി സേവനങ്ങളും ലുലു ഫോറെക്‌സ് ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്നു.