എസ് ബി ഐ ആറാം തവണയും പലിശ കുറച്ചു

Posted on: October 10, 2019

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്. ബി. ഐ) തുടര്‍ച്ചയായ ആറാം തവണയും പലിശനിരക്ക് കുറച്ചു. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചതിനു പിന്നാലെയാണ് നടപടി. എം. സി. എല്‍. ആര്‍. നിരക്കിലുള്ള പലിശയില്‍ 0.10 ശതമാനമാണ് കുറവു വരുത്തിയത്. ഒക് ടോബര്‍ പത്തുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലാകും. കൂടാതെ ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സേവിംഗ്‌സ് നിക്ഷേപങ്ങളുടെ പലിശ 3.5 ശതമാനത്തില്‍ നിന്ന് 3.25 ശതമാനമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

പുതിയ നിരക്കനുസരിച്ച് എം. സി. എല്‍. ആര്‍. പലിശ 8.15 ശതമാനത്തില്‍ നിന്ന് 8.05 ശതമാനമായി കുറയും. എം. സി. എല്‍ ആര്‍. നിരക്കിലുള്ള നിലവിലെ വായ്പകളില്‍ നിരക്കിളവ് ഉടന്‍ പ്രതിഫലിക്കണമെന്നില്ല. വര്‍ഷത്തിലൊരിക്കലാണ് എം. സി. എല്‍. ആര്‍. പലിശ പരിഷ്‌ക്കരിക്കുന്നത്. അതു കൊണ്ടുതന്നെ ഈ കാലപരിധി തീരുന്ന മുറയ്ക്കായിരിക്കും ഇത് ഇ. എം. ഐ. യില്‍ പ്രാബല്യത്തിലാകുക.

ഒരു വര്‍ഷം മുതല്‍ രണ്ടുവര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപ പലിശയും പുതുക്കിയിട്ടുണ്ട്. രണ്ടുകോടി രൂപ വരെയുള്ള നിക്ഷേപത്തിന് പലിശയില്‍ 0.10 ശതമാനവും അതിനുമുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.30 ശതമാനവുമാണ് കുറച്ചിരിക്കുന്നത്.