കര്‍ഷകര്‍ക്ക് ദേശീയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി ബാങ്ക് ഓഫ് ബറോഡ

Posted on: September 25, 2019

കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ വായ്പ ദാതാക്കളായ ബാങ്ക് ഓഫ് ബറോഡ രാജ്യത്തെ കര്‍ഷകര്‍ക്കായി ”ബറോഡ കിസാന്‍” എന്ന പേരില്‍ കാര്‍ഷിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ബാങ്ക് ഓഫ് ബറോഡ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി.എസ്.ജയകുമാര്‍ ആപ്പ് അവതരിപ്പിച്ചു. ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിക്രമാദിത്യ സിങ് കിച്ചി, കാര്‍ഷിക-സാമ്പത്തിക കാര്യ ജനറല്‍ മാനേജര്‍ (ചീഫ് കോ-ഓര്‍ഡിനേഷന്‍) ബി.ആര്‍.പട്ടേല്‍, ബാങ്ക് ഓഫ് ബറോഡ കേന്ദ്ര-മേഖല ഓഫീസുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സ്വയം സഹായ ഗ്രൂപ്പുകളിലെ വനിതകള്‍, കര്‍ഷകര്‍, മറ്റു ഗ്രാമീണര്‍ തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുത്തു.

കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ക്ക് മൊബൈല്‍ ഫോണിലൂടെ പരിഹാരം കണ്ടെത്താനുള്ള ശക്തമായ പ്ലാറ്റ്‌ഫോമാണ് ബറോഡ കിസാന്‍. നിലവിലെ ഫീച്ചറായ എം കണക്റ്റ് പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനായിരിക്കും പ്ലാറ്റ്‌ഫോം ഉപയോഗിക്കുക. കാലാവസ്ഥ, വിളകളുടെ സ്ഥിതി, മണ്ണിന്റെ സ്ഥിതി, വിളകളിലെ കീടങ്ങള്‍, വിപണി വില, കൃഷി സംബന്ധമായ വിവരങ്ങള്‍, ഉപദേശക സേവനങ്ങള്‍, സാമ്പത്തിക അവസരങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം ആപ്പില്‍ ലഭ്യമാണ്. വിവിധ ഘട്ടങ്ങളിലായി ആപ്പിലെ സേവനങ്ങള്‍ വിപുലമാക്കും.

TAGS: Bank Of Baroda |