ഐ ഡി ബി ഐ ബാങ്കിൽ വിജിലൻസ് വാരാചരണം

Posted on: October 30, 2014

IDBI-Bank-branch-big

സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഴിമതിയെ പരാജയപ്പെടുത്തുകയെന്ന മുദ്രാവാക്യവുമായി ഐ ഡി ബി ഐ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള അഴിമതി വിരുദ്ധ ബോധവത്ക്കരണ വാരാചരണത്തിനു തുടക്കമായി.

മുംബൈയിലെ കോർപറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ എം ഒ റെഗോ ഓഫീസർമാർക്കും ഇതര ജീവനക്കാർക്കും പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതിയുടെ സന്ദേശം ചടങ്ങിൽ അദ്ദേഹം വായിച്ചു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സെൻട്രൽ വിജിലൻസ് കമ്മീഷണർ എന്നിവരുടെ സന്ദേശങ്ങൾ യഥാക്രമം എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ബി.രവീന്ദ്രനാഥ്, ആർ. കെ. ബൻസാൽ, വിനയ് കുമാർ എന്നിവരും വായിച്ചു.

ബാങ്കിലെ കൃത്യനിർവഹണത്തിന്റെ ഓരോ മേഖലയിലും അഴിമതിയെ അകറ്റിനിർത്താനുള്ള ചുമതല എല്ലാ ജീവനക്കാർക്കുമുണ്ടാകണമെന്ന് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടർമാരും ചൂണ്ടിക്കാട്ടി. കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം പ്രവർത്തനത്തിലെ സുതാര്യത ഉറപ്പാക്കി, അഴിമതിക്കുള്ള സാധ്യത കുറച്ചുകൊണ്ടുവരാൻ ആധുനിക സാങ്കേതിക വിദ്യ സഹായകമാകുമെന്നും അവർ പറഞ്ഞു. ബാങ്കിന്റെ വിജിലൻസ് വകുപ്പ് തയ്യാറാക്കിയ പ്രത്യേക പതിപ്പിന്റെ പ്രകാശനവും റെഗോ നിർവഹിച്ചു.

വാരാചരണത്തിന്റെ ഭാഗമായി പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങളും ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഴിമതിയെ പരാജയപ്പെടുത്തുകയെന്ന മുദ്രാവാക്യത്തെ ആധാരമാക്കി വിവിധ മൽസരങ്ങളും നടന്നുവരുന്നു.

TAGS: IDBI BANK |