ഐഡിബിഐ ബാങ്ക് ബോണ്ട് വഴി 1900 കോടി രൂപ സമാഹരിച്ചു

Posted on: January 6, 2016

IDBI-Bank-big-a

കൊച്ചി : ഐഡിബിഐ ബാങ്ക് രണ്ടു വ്യത്യസ്ത ബോണ്ട് ഇഷ്യുവഴി 1900 കോടി രൂപ സ്വരൂപിച്ചു. ബേസൽ- മൂന്ന് അനുസരിച്ചുള്ള മൂലധനപര്യാപ്തത ശക്തമാക്കുന്നതിനുവേണ്ടിയാണ് പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി ഇത്രയും തുക സമാഹരിച്ചത്. ഇതോടെ മൂലധന പര്യാപ്തത അനുപാതം 0.55 ശതമാനം ഉയർന്നു.

ഇരു ബോണ്ടുകൾക്കും 8.62 ശതമാനമാണ് പലിശ നിരക്ക്. വാർഷികാടിസ്ഥാനത്തിലാണ് പലിശ നല്കുക. ഡിസംബർ 31-ന് അവസാനിച്ച ആദ്യ ഇഷ്യുവഴി 1000 കോടി രൂപയാണ് സ്വരൂപിച്ചത്. ബോണ്ടിന്റെ കാലാവധി 15 വർഷമാണ്. പത്തുവർഷം പൂർത്തിയാകുമ്പോൾ കോൾ ഓപ്ഷൻ ഉപയോഗിക്കുവാനുള്ള അവകാശവുമുണ്ട്. ജനുവരി രണ്ടിന് അവസാനിച്ച രണ്ടാമത്തെ ഇഷ്യു വഴി 900 കോടി രൂപയാണു സ്വരൂപിച്ചത്. ഈ ബോണ്ടിന്റെ കാലയളവ് 10 വർഷമാണ്.