ഐഡിബിഐ ബാങ്ക് ഗ്രീൻ ബോണ്ടിനു മൂന്നിരട്ടി അപേക്ഷകൾ

Posted on: November 28, 2015

IDBI-Bank-big-a

കൊച്ചി : ഐഡിബിഐ ബാങ്ക് ഇഷ്യു ചെയ്ത അഞ്ചുവർഷം ഗ്രീൻ ബോണ്ടിനു മൂന്നിരട്ടി അപേക്ഷകൾ ലഭിച്ചു. 350 ദശലക്ഷം ഡോളറിന്റേതായിരുന്നു ഇഷ്യു. സിംഗപ്പൂർ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ബോണ്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂപ്പൺ നിരക്ക് 4.25 ശതമാനമാണ്.

അസറ്റ് മാനേജർമാർ (50 ശതമാനം), ബാങ്കുകൾ (28 ശതമാനം), സ്വകാര്യ ബാങ്കുകൾ (17 ശതമാനം), കമ്പനികൾ (5 ശതമാനം) തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ളവർ ബോണ്ടിൽ നിക്ഷേപം നടത്തി. നിക്ഷേപകരിൽ 82 ശതമാനം ഏഷ്യൻ നിക്ഷേപകരാണ്.

എഎൻഇസഡ് ബാങ്ക്, ബിഎൻപി പാരിബാസ്, സിറ്റി ബാങ്ക്, എച്ച്എസ്ബിസി, ജെപി മോർഗൻ, സ്റ്റാൻഡാർഡ് ചാർട്ടേഡ് തുടങ്ങിയവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജർമാർ.

പൊതുമേഖല ബാങ്കുകളിൽനിന്നു ഇത്തരത്തിൽ ഇഷ്യു നടത്തുന്ന ആദ്യത്തെ ബാങ്കാണ് ഐഡിബിഐ ബാങ്ക്. ക്ലീൻ എനർജി പദ്ധതികൾക്കായി ബാങ്ക് ഇതിനകം 300 ദശലക്ഷം ഡോളർ നല്കിക്കഴിഞ്ഞു. അടുത്ത 12-15 മാസക്കാലത്ത് 200 കോടി ഡോളർ കൂടി ഈ മേഖലയിൽ വായ്പ നല്കും.

ബാങ്കിന് രാജ്യമൊട്ടാകെ 1777 ശാഖകളും 3203 എടിഎമ്മുകളുമുണ്ട്. സെപ്റ്റംബർ 30-ന് ബാങ്കിന്റെ മൊത്തം ബിസിനസ് 4.44 ലക്ഷം കോടി രൂപയാണ്. നടപ്പുവർഷത്തിൽ രണ്ടാം ക്വാർട്ടറിലെ അറ്റാദായം 120 കോടി രൂപയാണ്. 2014-15-ൽ 873 കോടി രൂപയായിരുന്നു അറ്റാദായം.