മുദ്രയോജന : യൂണിയൻ ബാങ്ക് 7.5 കോടി രൂപ വായ്പ നൽകും

Posted on: September 26, 2015

Union-bank-of-india-CSകൊച്ചി : ചെറുകിട സ്വയംതൊഴിൽ സംരംഭകരുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പ്രധാൻ മന്ത്രി മുദ്ര യോജനയിലൂടെ യൂണിയൻ ബാങ്ക് എറണാകുളം ജില്ലയിൽ 7.5 കോടി രൂപ വായ്പ നൽകും. യൂണിയൻ ബാങ്ക് പെരുമ്പാവൂർ ശാഖയിൽ 28-ന് ഉച്ചകഴിഞ്ഞ് 3.30-നാണ് ഉദ്ഘാടനം. ചടങ്ങിൽ മുദ്ര ബാങ്ക് സിഇഒ ജിജി മാമൻ മുഖ്യ പ്രഭാഷണം നടത്തും.

വായ്പയുടെ വിതരണോദ്ഘാടനം യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ ചെന്നൈ സോണൽ വായാപ വിഭാഗം ജനറൽ മാനേജർ സഞ്ജയ് ശർമ്മ നിർവഹിക്കും. ജില്ലയിലെ വിവിധ ശാഖകളിൽ നിന്നും അർഹരായ 1500 സംരംഭകർക്കായിരിക്കും ആദ്യഘട്ടത്തിൽ വായാപ ലഭ്യമാക്കുക.

സാധാരണസംരംഭകർക്ക് സ്വയം തൊഴിലിനായി ധന സഹായം നൽകുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ഈ പദ്ധതി ശിശു, കിഷോർ, തരുൺ എന്നിങ്ങനെ മൂന്നായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. ശിശു സ്‌കീമിൽ ഒരു വ്യക്തിയ്ക്ക് 50000 രൂപ വരെയും, കിഷോർ സ്‌കീമിൽ 50000 രൂപ മുതൽ 5 ലക്ഷം വരെയും, തരുൺ സ്‌കീമിൽ 5 ലക്ഷം മുതൽ 10 ലക്ഷം രൂപാ വരെയുമാണ് വായ്പ ലഭിക്കുക. മൂന്നു മുതൽ അഞ്ച് വർഷം വരെയാണ് തിരിച്ചടവ് കാലാവധി.

പെരുമ്പാവൂർ ശാഖയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ബങ്കിന്റെ എറണാകുളം റീജിണൽ ഡെപ്യൂട്ടി ജനറൽ മാനേജർ ആർ നല്ലൈയ്യപ്പൻ അധ്യക്ഷത വഹിക്കും. ലീഡ് ഡിസ്ട്രിക് മാനേജർ വി. അനിൽകുമാർ സ്വാഗതം പറയും. ക്രെഡിറ്റ് ഡിവിഷൻ ചീഫ് മാനേജർ സി. സതീഷ്, ആർസെറ്റി ഡയറക്ടർ ബിജോയ് നായർ എന്നിവരും സംബന്ധിക്കും. ശാഖ മാനേജർ ഗുരുചരൺ നന്ദഗിരി വെങ്കട് നന്ദിയും പറയും.