ദുബായ് – ഓർലാൻഡോ സർവീസുമായി എമിറേറ്റ്‌സ്

Posted on: March 29, 2015

Emirates-Universal-Big

ദുബൈ : എമിറേറ്റ്‌സ് സെപ്റ്റംബർ ഒന്നു മുതൽ ദുബായ് – ഓർലാൻഡോ നോൺസ്‌റ്റോപ്പ് ഡെയ്‌ലി സർവീസ് (ഇകെ 219 / ഇകെ 220) ആരംഭിക്കും. യുഎസിലെ ഏറ്റവും തിരക്കേറിയ 14 മത്തെ എയർപോർട്ടാണ് ഓർലാൻഡോ. മധ്യ ഫ്‌ളോറിഡയെ മിഡിൽഈസ്റ്റുമായി ബന്ധിപ്പിക്കുന്ന പുതിയ സർവീസ് എമിറേറ്റ്‌സിന്റെ വളർച്ചയിലെ നാഴികക്കല്ലാണെന്ന് പ്രസിഡന്റ് ടിം ക്ലാർക്ക് പറഞ്ഞു.

ഇതോടെ യുഎസിലെ 10 ഡെസ്റ്റിനേഷനുകളിലേക്ക് എമിറേറ്റ്‌സ് സർവീസ് വ്യാപിക്കും. തെക്കേ അമേരിക്കയിലേക്കും കരീബിയൻ മേഖലയിലേക്കുമുള്ള ഗേറ്റ്‌വേയാണ് ഓർലാൻഡോ. 24 നഗരങ്ങളെ ഓർലാൻഡോയുമായി ബന്ധിപ്പിക്കുന്ന ജെറ്റ് ബ്ലു എയർലൈൻസുമായി എമിറേറ്റ്‌സിന് കോഡ് ഷെയറിംഗുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 80 രാജ്യങ്ങളിലെ 145 ഡെസ്റ്റിനേഷനുകളിലേക്ക് ഇപ്പോൾ എമിറേറ്റ്‌സ് സർവീസ് നടത്തുന്നുണ്ട്.