വിജയവാഡയില്‍ നിന്ന് ഷാര്‍ജയിലേക്ക് നേരിട്ടുള്ള ആദ്യ വിമാനവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Posted on: October 28, 2022

കൊച്ചി : ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിജയവാഡയില്‍ നിന്ന് ഷാര്‍ജയിലേക്ക് നേരിട്ട് അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഉദ്ഘാടന വിമാനം ഒക്ടോബര്‍ 31 ന് വൈകുന്നേരം 6.35 ന് പുറപ്പെടും. വിജയവാഡ-ഷാര്‍ജ സെക്ടറിന്റെ ഉദ്ഘാടന നിരക്ക് 13,669 രൂപയില്‍ ആരംഭിക്കുമ്പോള്‍ ഷാര്‍ജ-വിജയവാഡ സെക്ടറിന്റെ നിരക്ക് 399 ദിര്‍ഹത്തില്‍ ആരംഭിക്കും.

നിലവില്‍ വിജയവാഡയിലേക്കും പുറത്തേക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന ഏക എയര്‍ലൈന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ്. ഷാര്‍ജയ്ക്ക് പുറമേ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിജയവാഡയില്‍ നിന്ന് മസ്‌കറ്റിലേക്കും കുവൈറ്റിലേക്കും ബി737-800 എന്‍ജി വിമാനവുമായി പറക്കുന്നുണ്ട്. സുഖപ്രദമായ സീറ്റുകള്‍, മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത ചൂടുള്ള ഭക്ഷണത്തിന് പുറമെ ഓണ്‍ ബോര്‍ഡ് ഭക്ഷണ സേവനം, മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിന് സീറ്റില്‍ തന്നെ പവര്‍ ലഭ്യത തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്.

വിജയവാഡയ്ക്കും ഷാര്‍ജയ്ക്കും ഇടയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സിഇഒ അലോക് സിംഗ് പറഞ്ഞു. മഹാമാരിയുടെ കഠിനമായ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ത്യ-ഗള്‍ഫ് വ്യോമയാന മേഖല മികച്ച തിരിച്ചുവരവിന്റെ പാതയിലാണ്. മഹാമാരിക്ക് മുമ്പുള്ള നിലയിലേക്ക് ഏതാണ്ട് എത്തിക്കഴിഞ്ഞു. യുഎഇയിലേക്ക്, പ്രത്യേകിച്ച് ദുബായിലേക്കും വടക്കന്‍ എമിറേറ്റുകളിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക്, ഷാര്‍ജയിലേക്കുള്ള നേരിട്ടുള്ള സര്‍വീസ് വലിയ നേട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.