ഇന്ത്യ- യുകെ വിമാനസര്‍വീസ് 6 ന് പുനരാരംഭിക്കും

Posted on: January 4, 2021

ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡിസംബര്‍ 23-നു നിര്‍ത്തിവെച്ച ഇന്ത്യ-യു.കെ. വിമാനസര്‍വീസ് ബുധനാഴ്ച പുനരാരംഭിക്കും. എട്ടിന് യു.കെ.യില്‍നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസും തുടങ്ങും.

ആഴ്ചയില്‍ 30 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. രണ്ടു രാജ്യങ്ങളുടെയും 15 വീതം വിമാനങ്ങളാണ് തുടക്കത്തിലുണ്ടാവുക. സര്‍വീസുകളുടെ എണ്ണം കൂട്ടുന്നകാര്യം പിന്നീട് തീരുമാനിക്കും.

ജനുവരി എട്ടിനും മുപ്പതിനുമിടയില്‍ യു.കെ.യില്‍നിന്നു വരുന്നവരെല്ലാം സ്വന്തം ചെലവില്‍ കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യമന്ത്രാലയം ശനിയാഴ്ച നിര്‍ദേശിച്ചു. യാത്രയ്ക്ക് 72 മണിക്കൂറിനുമുമ്പ് നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ട് എല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധമാണ്.

ഇന്ത്യയില്‍ എത്തിയശേഷം നടത്തുന്ന കോവിഡ് പരിശോധനയില്‍ ജനിതകമാറ്റംവന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ 14 ദിവസമോ വീണ്ടും കോവിഡ് നെഗറ്റീവ് ആകുന്നതുവരെയോ ക്വാറന്റീനില്‍ കഴിയണം. പോസിറ്റീവ് ആകുന്നയാളുടെ അതേനിരയിലെ സീറ്റില്‍ ഇരുന്നവരും മൂന്നുനിര മുന്നിലും മൂന്നുനിര പിറകിലും യാത്രചെയ്തവരും ക്വാറന്റീനില്‍ പോകണം.