യാത്രക്കാരുടെ എണ്ണത്തിൽ ഫ്‌ളൈദുബായ്ക്ക് 25 % വളർച്ച

Posted on: February 13, 2016

Flydubai-aircraft-Big-a

കൊച്ചി : ഫ്‌ളൈദുബായ് 2015 ൽ 2.74 കോടി ഡോളർ ലാഭം നേടി. തുടർച്ചയായി നാലാം വർഷമാണ് കമ്പനി ലാഭത്തിൽ പ്രവർത്തിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന 25 ശതമാനമാണ്. 12 മാസത്തെ മൊത്തം വരുമാനം 133 കോടി ഡോളറാണ്.

കഴിഞ്ഞ കലണ്ടർ വർഷം 90.4 ലക്ഷം പേരാണ് ഫ്‌ളൈദുബായ് ഫ്‌ളൈറ്റുകളിൽ യാത്ര ചെയ്തത്. മുൻ വർഷത്തേതിനേക്കാൾ 18 ലക്ഷം കൂടുതലാണിത്. വർഷത്തിന്റെ രണ്ടാം പകുതിയിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന ഫ്‌ളൈ ദുബായ്ക്ക് വലിയ നേട്ടമുണ്ടാക്കിയെന്ന് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തും പറഞ്ഞു. വരുമാനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ചുണ്ടായ വർധന 11 ശതമാനമാണ്. വിമാനങ്ങളുടെ എണ്ണം 50 ആയി വർധിപ്പിക്കാൻ കഴിഞ്ഞതും 2015-ലെ എടുത്തു പറയാവുന്ന നേട്ടമാണ്.

ഫ്‌ളൈ ദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഘയ്ത് അൽ ഘയ്ത്

ഫ്‌ളൈ ദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഘയ്ത് അൽ ഘയ്ത്

പ്രതികൂല സാഹചര്യത്തിലും തുടർച്ചയായി നാലാം വർഷവും ലാഭമുണ്ടാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ഫ്‌ളൈ ദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഘയ്ത് അൽ ഘയ്ത് അഭിപ്രായപ്പെട്ടു. ഡോളറിന്റെ മൂല്യത്തിലുണ്ടായ വർധന, ചില സ്ഥിരം റൂട്ടുകളിൽ സർവീസ് നിർത്തിവയ്‌ക്കേണ്ടിവന്ന സാഹചര്യം, പൊതുവിൽ അനുഭവപ്പെട്ട മാന്ദ്യം, പുതുതായി ആരംഭിച്ച റൂട്ടുകളിൽ സ്ഥിരത അനഭവപ്പെടാനുണ്ടാകുന്ന കാലതാമസം തുടങ്ങിയ വെല്ലുവിളികളെ ഫ്‌ളൈദുബായ് അതിജീവിച്ചു.

ഇന്ധന വിലകുറവ് കാരണം പ്രവർത്തനച്ചെലവിൽ 30.3 ശതമാനത്തിന്റെ കുറവുണ്ടായി. 2015-ൽ 17 പുതിയ റൂട്ടുകളിൽ ബിസിനസ് ക്ലാസ് ഏർപ്പെടുത്തുകയുണ്ടായി. ഇതേത്തുടർന്ന് ബിസിനസ് ക്ലാസിൽ യാത്ര ചെയ്തവരുടെ എണ്ണം മുൻ വർഷത്തേക്കാൾ 72 ശതമാനം വർധിച്ചു. ആഫ്രിക്കയിലേയും ഗൾഫ് രാജ്യങ്ങളിലേയും യാത്രക്കാരാണ് ബിസിനസ് ക്ലാസ് പ്രധാനമായും തെരഞ്ഞെടുത്തത്.

പുതിയ വിമാനത്താവളമായ അൽമഖ്തൂം ഇന്റർനാഷണൽ ദുബായ് വേൾഡ് സെൻട്രലിൽ നിന്ന് കൂടി സർവീസ് ആരംഭിച്ചത് യാത്രക്കാർ വേണ്ട രീതിയിൽ സ്വീകരിക്കുകയുണ്ടായി. 2015 ഒക്‌ടോബർ 25 ന് അമ്മാൻ, ബെയ്‌റൂട്ട്, ദോഹ, കാഠ്മണ്ഡു, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് പുതിയ എയർപോർട്ടിൽ നിന്ന് സർവീസ് തുടങ്ങി. ചരക്ക് ഗതാഗതത്തിൽ 28.4 ശതമാനം വളർച്ചയാണ് 2015-ലുണ്ടായത്. 40,441 ടൺ ചരക്ക് കൈകാര്യം ചെയ്തു.

ഇന്ത്യയിലേക്കുള്ള ഫ്‌ളൈദുബായിയുടെ എട്ടാമത്തെ സർവീസ് 2015 മാർച്ചിലാരംഭിക്കുകയുണ്ടായി. ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിലുള്ള യാത്രക്കാരുടെ എണ്ണത്തിൽ 15 ശതമാനം വളർച്ചയുണ്ടായി. അടുത്ത 14 മാസത്തിനകം 16 പുതിയ വിമാനങ്ങൾ കൂടി ഫ്‌ളൈദുബായ്ക്ക് ലഭിക്കും. ഇപ്പോൾ 43 രാജ്യങ്ങളിലായി 89 കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തി വരുന്നു.

TAGS: Flydubai |