ജനറം രണ്ടാം ഘട്ടം: 10 ടാറ്റാ മാർക്കോപോളോ ബസുകൾ നിരത്തിലിറങ്ങി

Posted on: April 14, 2015

Tata-Marcopolo-JNURM-big

കൊച്ചി : കേരള അർബൻ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനുള്ള 10 ടാറ്റ മാർക്കോപോളോ ബസുകൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. ജവഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷൻ (ജനറം) രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി ആകെ 97 ടാറ്റാ മാർക്കോപോളോ ബസുകൾ വാങ്ങുന്നതിൽ ആദ്യ പത്ത് ബസുകളാണ് കഴിഞ്ഞദിവസം നിരത്തിലിറങ്ങിയത്. തേവര ബസ് സ്‌റ്റേഷനിലായിരുന്നു ഫ്‌ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചത്.

40 പേർക്ക് ഇരുന്നു യാത്ര ചെയ്യാൻ സൗകര്യമുള്ളതാണ് ടാറ്റാ മാർക്കോപോളോയുടെ ടാറ്റാ സ്റ്റാർബസ് അർബൻ 9/12 ബിഎസ് 3 ബസുകൾ. ഫ്‌ളോറിൽ നിന്ന് 900 എംഎം ഉയരവും, 12 മീറ്റർ നീളവും, യാത്രക്കാർക്ക് നിന്നും യാത്ര ചെയ്യുന്നതിന് കഴിയുന്ന രീതിയിൽ വീതിയേറിയ പാസേജുമുള്ളതാണ് പുതിയ ബസുകൾ.

ടാറ്റാ കുമിൻസ് ഐഎസ്ബിഇ 5.9 ബിഎസ് 3 എൻജിനും 6-സ്പീഡ് ഗിയർ ബോക്‌സുമുള്ള പുതിയ ബസുകൾ സൗകര്യപ്രദമായ യാത്രയ്ക്ക് സുസജ്ജമാണ്. അർബൻ ബസുകളുടെ നിലവാര മാനദണ്ഡങ്ങളനുസരിച്ച് സെക്കൻഡിൽ 0.8 മിനിട്ട് വരെ ആക്‌സലറേഷൻ ശേഷിയുള്ള ബസുകൾ റോൾഓവർ ടെസ്റ്റുകൾ പൂർത്തിയാക്കിയവയും, പിൻഭാഗത്ത് എയർ സസ്‌പെൻഷനുള്ളവയുമാണ്. കാബിനിലുള്ളിൽ ശബ്ദവും വിറയലും പരുഷതയും ഒഴിവാക്കുന്ന രീതിയിലാണ് ഇവയുടെ നിർമാണം.

കൂടുതൽ സുരക്ഷയ്ക്കായി മികച്ച പ്രകാശസൗകര്യങ്ങളും പിൻഭാഗത്ത് എമർജൻസി വാതിലുകളും അഗ്നിശമന സൗകര്യങ്ങളുമുണ്ട്. ഓൺ-ബസ് ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സംവിധാനത്തിന്റെ ഭാഗമായി നിരീക്ഷണത്തിനായി വീഡിയോ കാമറകൾ, എൽഇഡി ഡെസ്റ്റിനേഷൻ ബോർഡുകൾ, ജിപിഎസ് സംവിധാനം, പൊതു അറിയിപ്പിനുള്ള സജ്ജീകരണം എന്നിവ ടാറ്റാ മാർക്കോപോളോ ബസുകളിലുണ്ട്.

ജനറം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ദേശീയതലത്തിൽ 3500 ബസുകൾക്കാണ് ടാറ്റാ മോട്ടോഴ്‌സിന് ഓർഡർ ലഭിച്ചിരിക്കുന്നത്. കേരളം, കർണാടക, പോണ്ടിച്ചേരി, വടക്കുകിഴക്കൻ-കർണാടക എന്നിവിടങ്ങളിലായി 900 ബസുകൾക്ക് ടാറ്റാ മോട്ടോഴ്‌സിന് ഓർഡർ ലഭിച്ചിട്ടുണ്ട്.