ബജാജ് പൾസർ ആർ. എസ്. 200 കേരള വിപണിയിൽ

Posted on: March 27, 2015

Bajaj-Pulsar-RS-200-big

കൊച്ചി: രൂപകൽപ്പനയിലും എൻജിനീയറിംഗിലും പ്രകടനത്തിലും പുത്തൻ മാനദണ്ഡങ്ങൾ സൃഷ്ടിച്ച് ബജാജ് ഓട്ടോ പുതിയ പൾസർ ആർ. എസ്. 200 പുറത്തിറക്കി. 2001 ൽ പൾസർ പുറത്തിറക്കിയ ശേഷം പ്രതിമാസം 55,000 യൂണിറ്റുകൾ വിൽപ്പന നടത്തുന്നുണ്ട്. ഇന്ത്യയിലെ സ്‌പോർട്ട്‌സ് ബൈക്കുകളുടെ വിഭാഗത്തിൽ 43 ശതമാനം വിപണി വിഹിതത്തോടെ ഒന്നാം സ്ഥാനം നിലനിർത്തിവരുന്നു. പൾസറിന്റെ കാര്യത്തിൽ തുടർച്ചയായ ഗവേഷണ വികസന പ്രവർത്തനങ്ങളാണ് ബജാജ് ഓട്ടോ തുടരുന്നത്.

ഇന്ത്യൻ യുവത്വം സ്വപ്‌നം കാണുന്ന സൂപ്പർ ബൈക്കുകളുടേതായ പൂർണതയും ശേഷിയുമാണ് പൾസർ ആർ. എസ്. 200 നുള്ളത്. ശേഷിയുള്ളതും അതേ സമയം എയറോ ഡൈനാമിക്കുമായ ഈ ബൈക്ക് പൾസറിന്റേതായ രൂപകൽപ്പനാ സവിശേഷതകളും നിലനിർത്തുന്നുണ്ട്. ഏറ്റവും ഇരുണ്ട പാതകളിൽപ്പോലും മികച്ചതാകുന്നതാണ് ഇതിന്റെ ട്വിൻ പ്രൊജക്ടർ എച്ച്.ഡി. ഫോക്കസ് ഹെഡ്‌ലൈറ്റുകൾ. ഹൈ ഇന്റൻസിറ്റി ക്രിസ്റ്റൽ എൽഇഡി ടെയ്ൽ ലാമ്പുകൾ മറ്റുള്ള റൈഡർമാരെ ബഹുദൂരം പിന്നിലാക്കുകയും ചെയ്യും.

ലിക്വിഡ് കൂളിങ്ങോടു കൂടിയ ഫ്യുവൽ ഇൻജക്ഷനുമായെത്തുന്ന എ-4 വാൾവ് ട്രിപ്പിൾ സ്പാർക്ക് ഡി.ടി.എസ്.ഐ. എൻജിൻ 200 സി സിയുടെ പരമാവധി ശേഷി ലഭ്യമാക്കുന്നു. എബിഎസ്സോടു കൂടിയ 300 എം.എം. ഡിസ്‌ക്ക് ബ്രേക്കുകൾ ഏതു പ്രതലത്തിലും മികച്ച പ്രതികരണം ഉറപ്പാക്കുന്നു. ഗ്യാസ് നിറച്ച നൈട്രോക്‌സ് സസ്പൻഷൻ, പെരിമീറ്റർ ഫ്രെയിം എന്നിവയാണ് റൈഡിങ്ങ് സുഖപ്രദമാക്കുന്ന മറ്റു ഘടകങ്ങൾ.

24.5 പി. എസ്. പവർ, മണിക്കൂറിൽ 141 കിലോമീറ്റർ വരെ പരമാവധി വേഗത, 11,000 ആർ.പി.എം. വരെ എന്നിങ്ങനെയുള്ള സവിശേഷതകൾക്കൊപ്പം റെയ്‌സ് ട്രാക്കിനും പ്രതിദിന റൈഡിങിനും ഒരു പോലെ ഒത്തിണങ്ങിയ രീതിയിലാണ് പൾസർ ആർ. എസ്. 200 അവതരിപ്പിച്ചിട്ടുള്ളത്.

എബിഎസ് ഇല്ലാത്ത മോഡലിന് കൊച്ചിയിൽ 120,669 രൂപയാണ് വില, എബിഎസ് മോഡലിന് 132,877 രൂപയാണ് എക്‌സ് ഷോറൂം വില.