ഇവോക് ഫ്രം ഇന്ത്യ

Posted on: March 26, 2015

Jaguar-Land-Rover-Evoke-wit

ജഗ്വാർ ലാൻഡ് റോവറിന്റെ ഇന്ത്യയിൽ നിർമ്മിച്ച റേഞ്ച് റോവർ ഇവോക് വിപണിയിൽ എത്തി. ഫ്രീലാൻഡർ 2, ജഗ്വാർ എക്‌സ്എഫ്, എക്‌സ്‌ജെ എന്നിവയ്ക്കു പുറമെ നാലാമത്തെ മോഡലാണ് പൂനയിലെ ഫാക്ടറിയിൽ നിന്ന് വിപണിയിലെത്തുന്നത്.

2.2 ലിറ്റർ എസ്ഡി4 ഡീസൽ എൻജിനാണ് റേഞ്ച്് റോവർ ഇവോകിനുള്ളത്. 3500 ആർപിഎമ്മിൽ 140 കെഡബ്ല്യൂ വരെ പവർ ഔട്ട്പുട്ടും 2000 ആർപിഎമ്മിൽ 420 എൻഎം ടോർക്കും ലഭ്യമാകും. പ്യൂവർ, ഡൈനാമിക്, പ്രസ്റ്റീജ് എന്നീ മൂന്ന് മോഡലുകളാണുള്ളത്. റേഞ്ച് റോവർ ഇവോക് എസ്ഡി 4 പ്യൂവറിന് 48.73 ലക്ഷം രൂപയും ഡൈനാമിക്കിന് 52.40 ലക്ഷം രൂപയും പ്രസ്റ്റീജിന് 56.21 ലക്ഷം രൂപയുമാണ് മുംബെയിലെ എക്‌സ്-ഷോറൂം വില.

ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ മോഡലുകളിൽ ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകളും റിയർ വ്യൂ ക്യാമറയും നാവിഗേഷൻ സംവിധാനവും ഫിക്‌സഡ് പനോരമിക് സൺറൂഫും ലാൻഡ് റോവറിന്റെ ആധുനിക ടെറെയ്ൻ റെസ്‌പോൺസ് സംവിധാനവും സ്റ്റാൻഡാർഡ് ഫീച്ചറുകളാണ്.

ജഗ്വാർ, ലാൻഡ് റോവർ ബ്രാൻഡുകൾക്ക് മികച്ച സാധ്യതകളുള്ള വിപണിയാണ് ഇന്ത്യയെന്ന് ജഗ്വാർ ലാൻഡ് റോവർ ഇന്ത്യ പ്രസിഡന്റ് റോഹിത് സുരി പറഞ്ഞു. റേഞ്ച്‌റോവർ ഇവോക് നിരത്തിലിറക്കുന്നതിലൂടെ തദ്ദേശീയമായി നിർമിച്ച മോഡലുകളുടെ നിര വിപുലമാക്കുന്നതിൽ സന്തോഷമുണ്ട്. ജഗ്വാർ ലാൻഡ് റോവർ ബ്രാൻഡിനോട് ഏറെ പ്രിയമുള്ള പ്രീമിയം ഇന്ത്യൻ ഉപയോക്താക്കൾ പുതിയ എസ്‌യുവി സ്വന്തമാക്കാൻ താത്പര്യമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ ജഗ്വാർ ലാൻഡ് റോവറിന്റെ മികച്ച ഇരുപത് വിപണികളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്തെ 20 നഗരങ്ങളിലായി 22 സെയിൽസ് ഔട്ട്‌ലെറ്റുകളുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി ഇന്ത്യയിൽ 20 ശതമാനം വളർച്ച നേടിയതായും രോഹിത് ചൂണ്ടിക്കാട്ടി.