കുഷാക്ക്, സ്ലാവിയ എലഗന്‍സ്  പതിപ്പുകളുമായി സ്‌കോഡ ഓട്ടോ ഇന്ത്യ

Posted on: November 28, 2023
 
 
കൊച്ചി : ഏറ്റവും പുതിയ ഫീച്ചറുകളുമായി വിപണിയിലെത്തിയ സ്‌കോഡ ഓട്ടോ ഇന്ത്യയുടെ കുഷാക്ക്, സ്ലാവിയ മോഡലുകളുടെ എലഗന്‍സ് പതിപ്പുകള്‍ അവതരിപ്പിച്ചു. ഡീപ് ബ്ലാക്ക് നിറത്തിലുള്ള ഈ പ്രത്യേക പതിപ്പുകള്‍ 1.5 ടിഎസ്‌ഐ എഞ്ചിനില്‍ പരിമിത എണ്ണം മാത്രമാണ് നിരത്തിലിറക്കുന്നത്. ക്ലാസിക് ബ്ലാക്ക് നിറത്തിന് ഉപഭോക്താക്കളില്‍ നിന്ന് വലിയ ഡിമാന്‍ഡ് ഉണ്ട്. ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന് അനുസൃതമായാണ് രണ്ടു മോഡലുകളുടേയും പുതിയ പതിപ്പുകള്‍ അവതരിപ്പിക്കുന്നത്. ഡിസൈനില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ഉപഭോക്താക്കളെ ഇവ തീര്‍ച്ചയായും ആകര്‍ഷിക്കുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ഷോള്‍ക്ക് പറഞ്ഞു.
 
1.5 ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് എലഗന്‍സ് പതിപ്പുകളുടെ സവിശേഷത. ഇതോടൊപ്പം 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവല്‍ ഒപ്ഷനുകള്‍ തിരഞ്ഞെടുക്കാം. ഏറ്റവും മികച്ച സ്‌റ്റൈല്‍ വേരിയന്റുകളാണിവ. ചുറ്റുമുള്ള ക്രോം എലമെന്റുകള്‍ നിലനിറുത്തി തന്നെ ഡീപ് ബ്ലാക്ക് നിറത്തിലെത്തുന്ന രണ്ടു മോഡലുകളുടേയും കാഴ്ചാ ഗാംഭീര്യം വര്‍ധിച്ചിട്ടുണ്ട്. ബി-പില്ലറുകളില്‍ എലഗന്‍ന്‍സ് എന്ന കാലിഗ്രഫിയും നല്‍കിയിട്ടുണ്ട്. കുഷാക്കില്‍ പുതുതായി 17 ഇഞ്ച് വേഗ ഡുവല്‍ ടോണ്‍ അലോയ് ഡിസൈനും നല്‍കിയിരിക്കുന്നു. ക്ലാസിക് സെഡാനായ സ്ലാവിയയില്‍ 16 ഇഞ്ച് വിംഗ് അലോയ് വീല്‍സാണുള്ളത്. 
 
അകത്തളത്തിലും ശ്രദ്ധേയമായ പുതുമകളുണ്ട്. ഡോര്‍ തുറക്കുമ്പോള്‍ സ്‌കോഡ ബ്രാന്‍ഡ് ലോഗോ പഡ്ല്‍ ലൈറ്റായി തെളിയും. വെളിച്ചം കുറഞ്ഞ ഇടങ്ങളില്‍  കാറില്‍ നിന്നിറങ്ങാനും കയറാനും ആവശ്യമായ വെളിച്ചം ഇത് നല്‍കുന്നു. സ്റ്റിയറിങ് വീലിലും എലഗന്‍സ് ബാഡ്ജ് നല്‍കിയിരിക്കുന്നു. കൂടാതെ എലഗന്‍സ് ബ്രാന്‍ഡ് ചെയ്ത മാറ്റുകളും കുഷ്യനുകളും നെക്ക് റെസ്റ്റുകളും സീറ്റ് ബെല്‍റ്റ് കുഷ്യനുകളും ലഭിക്കും. 
 
ഉത്സവ സീസണില്‍ സ്‌കോഡ അവതരിപ്പിച്ച പുതിയ ഫീച്ചറുകളെല്ലാം എലഗന്‍സ് ലിമിറ്റഡ് എഡിനുകളിളും ലഭിക്കും. ഗ്ലോബല്‍ എന്‍കാപ് സുരക്ഷാ പരിശോധനയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിങ് ലഭിച്ച, ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ കാറുകളാണ് 2022 ഒക്ടോബറില്‍ ഇറങ്ങിയ കുഷാക്കും 2023 ഏപ്രിലില്‍ ഇറങ്ങിയ സ്ലാവിയയും.