ഏഥര്‍ 450 എക്സ് സീരിസ് 1 വിപണിയില്‍

Posted on: September 29, 2020

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ വൈദ്യുത വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി, ഏഥര്‍ 450 എക്സ് സീരിസ് 1 കളക്ടേഴ്സ് എഡിഷന്‍ അവതരിപ്പിച്ചു. ജനുവരിയില്‍ ഏഥര്‍ 450 എക്സ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കു മാത്രമാണ് ഈ ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടര്‍ ലഭിക്കുക.

ഏഥര്‍ 450 എക്സിന്റെ അതിശക്തമായ പ്രകടനശേഷി സഹിതമാണ് സീരിസ് 1-ന്റെ രൂപകല്പന. മികച്ച പവറും ടോര്‍ക്കും ആക്സിലറേഷനും ഇതിനെ വ്യത്യസ്തമാക്കുന്നു.

ഇന്ത്യന്‍ റോഡിന് അനുരൂപമാണ് പുതിയ സ്‌കൂട്ടറിന്റെ ഘടന. പ്രീമിയം നിറവും സമാനതകള്‍ ഇല്ലാത്ത ഫിനിഷും ഭാരം കുറഞ്ഞ ഹൈബ്രിഡ് അലൂമിനിയം ഫ്രെയിമും ശ്രദ്ധേയമാണ്.

ഇന്ത്യന്‍ സ്‌കൂട്ടറുകളില്‍ കാണാത്ത സുതാര്യമായ ടിന്റഡ് പാനലുകള്‍ വഴി സ്‌കൂട്ടറിന്റെ ഉള്ളകം കാണാന്‍ കഴിയും. സീറ്റിനടിയിലെ അലുമിനിയം ചേസിസും കാണാന്‍ കഴിയും.

ഗ്രേ, വൈറ്റ്, മിന്റ് ഗ്രീന്‍ എന്നീ നിറങ്ങള്‍ക്കു പുറമേ, ഹൈഗ്ലോസ് മെറ്റാലിക് ബ്ലാക്ക് ബോഡി കളറിലും ലഭ്യം. ഏഴിഞ്ച് ടച്ച് സ്‌ക്രീനും ശ്രദ്ധേയമാണ്.

ആറ് കിലോവാട് പി എം എസ് എം ഇലക്ട്രിക് മോട്ടോറിന് കരുത്തു പകരുന്നത് 2.9 കിലാവാട്ട് ലീഥിയം ബാറ്ററിയാണ്. ഇക്കോ, റൈഡ്, സ്പോട്ട്, ഉയര്‍ന്ന പ്രകടനശേഷിയുള്ള വാര്‍പ് മോഡ് എന്നിവയാണ് റൈഡിംഗ് മോഡ്. 0- 40 കിലോമീറ്റര്‍ ആക്സിലറേഷന് കേവലം 3.3 സെക്കന്റ് മതി. 125 സി സി വിഭാഗത്തില്‍ ഏറ്റവും വേഗതയേറിയ സ്‌കൂട്ടറാണിത്.

കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെയുള്ള 11 നഗരങ്ങളില്‍ നവംബറില്‍ വിതരണം തുടങ്ങും.

 

TAGS: Ather 450X |