നിസാൻ മാഗ്‌നൈറ്റ് ബി-എസ് യു വി കൺസെപ്റ്റ് അവതരിപ്പിച്ചു

Posted on: July 16, 2020

കൊച്ചി : നിസാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബി-എസ് യു വിയുടെ കൺസെപ്റ്റ് പതിപ്പ് അവതരിപ്പിച്ചു. നിസാൻ മാഗ്നൈറ്റ് എന്ന സ്റ്റൈലിഷ് ബി-എസ്.യു.വി ഈ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിലെത്തും. ജപ്പാനിൽ രൂപകൽപ്പന ചെയ്യുന്ന വാഹനം ഇന്ത്യയിലാണ് നിർമ്മിക്കുക.

മാഗ്നറ്റിക്, ഇഗ്‌നൈറ്റ് എന്നീ പദങ്ങളുടെ സംയോജനമാണ് മാഗ്നൈറ്റ് എന്ന പേര്. വാഹനത്തിന്റെ രൂപകൽപ്പനയെയും ഗുണങ്ങളെയും വ്യക്തമാക്കുന്നതാണ് മാഗ്‌നൈറ്റ് എന്ന പദം. നിസാൻ ഇന്ത്യയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിനെയാണ് ഇഗ്നൈറ്റ് എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്.

മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ് തത്ത്വചിന്തയിലാണ് നിസാൻ മാഗ്നൈറ്റ് നിർമ്മിക്കുന്നത്. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്തായിരിക്കും രൂപകൽപ്പന. ശക്തവും ചലനാത്മകവുമായ റോഡ് സാന്നിധ്യം വാഹനം വാഗ്ദാനം ചെയ്യുന്നു. സ്റ്റൈലിഷ് ഡിസൈനോടുകൂടിയ സവിശേഷതകളാൽ സമ്പന്നമായ പ്രീമിയം വാഹനമായിരിക്കും നിസാൻ മാഗ്നൈറ്റ്.

നിസാന്റെ ആഗോള എസ് യു വി ഡിഎൻഎയിലെ പരിണാമത്മകമായ കുതിപ്പാണ് നിസാൻ മാഗ്നൈറ്റ്. കട്ടിംഗ് എഡ്ജ് ടെക്നോളജിയോടെ എത്തുന്ന മാഗ്‌നൈറ്റ് ഈ വിഭാഗത്തിലെ ഒരു ഗെയിം ചേഞ്ചർ വാഹനമായിരിക്കും. നിസാൻ മാഗ്നൈറ്റ് ബി-എസ്.യു.വി വിഭാഗത്തെ തന്നെ പുനർനിർവചിക്കുമെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.