മെയ് മാസം 1.15 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ച് ഹോണ്ട ടൂവീലേഴ്സ്

Posted on: June 4, 2020

കൊച്ചി: കോവിഡ്- 19 വൈറസ് ലോക്ക് ഡൗണില്‍ ഇളവു വരുന്ന സാഹചര്യത്തില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ മെയ് മാസം 1.15 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ചു. സമ്പൂര്‍ണ ലോക്ക് ഡൗണിലായിരുന്ന ഏപ്രിലില്‍ വഹനങ്ങളൊന്നും കൈമാറിയിരുന്നില്ല.

കമ്പനിയുടെ ഏഴാമത്തെ ബിഎസ് 6 മോഡലും 2020-21 ധനകാര്യ വര്‍ഷത്തിലെ ആദ്യത്തെ വാഹനവുമായ സിഡി 110 ഡ്രീം ഉടനേ വിപണിയിലെത്തും. വില 62729 രൂപ മുതലാണ്. ഹോണ്ട ഇതുവരെ ആറു ബിഎസ് 6 മോഡലുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ഹോണ്ട പുറത്തിറക്കിയ ബിഎസ് 6 വാഹനങ്ങളുടെ ഇതുവരെയുള്ള മൊത്തം വില്‍പ്പന മേയില്‍ ആറു ലക്ഷം യൂണിറ്റിനു മുകളിലായി. മെയ് മാസം ഹോണ്ട വര്‍ക്ക്ഷോപ്പ് വഴി 10.5 ലക്ഷം ഇരുചക്രവാഹനങ്ങള്‍ സര്‍വീസ് ചെയ്തു.

ഇരുചക്ര വാഹന വില്‍പ്പന മികച്ച രീതിയില്‍ തുടങ്ങിയിരിക്കുകയാണെന്നാണ് മേയിലെ വില്‍പ്പന സൂചിപ്പിക്കുന്നത്. ഏപ്രിലില്‍ വാഹനങ്ങളൊന്നും വില്‍ക്കാനോ കൈമാറാനോ സാധിച്ചില്ല. മെയ് മാസം വില്‍പ്പന 1.15 ലക്ഷത്തിനു മുകളിലായി. ഹോണ്ട ഡീലര്‍ഷിപ്പിന്റെ 70 ശതമാനവും തുറക്കുവാനും സാധിച്ചിരിക്കുന്നു.

ഉപഭോക്തക്കളുമായി നേരിട്ടിടപെടാതെ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനെ ഹോണ്ട ഡീലര്‍ഷിപ്പ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ്-മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ അടുത്ത മൂന്നു മാസക്കാലത്തിനുള്ളില്‍ തങ്ങളുടെ പ്രിയപ്പെട്ട ഹോണ്ട ഇരുചക്രവാഹനങ്ങള്‍ വാങ്ങുവാന്‍ 80 ശതമാനം ഇടപാടുകാരും ആഗ്രഹിക്കുന്നതായി തങ്ങള്‍ നടത്തിയ സര്‍വേ പറയുന്നതായും അദ്ദേഹം അറിയിച്ചു.