കാർസ് 24ലൂടെ ഇനി കാറുകൾ വാങ്ങാനും സൗകര്യം

Posted on: December 17, 2019

ഗുരുഗ്രാം : യൂസ്ഡ് കാറുകളുടെ ഇന്ത്യയിലെ പ്രമുഖ ടെക് പ്ലാറ്റ്ഫോമായ കാർസ് 24ലൂടെ ഇനി ഇഷ്ടപ്പെട്ട കാറുകൾ വാങ്ങാനും സൗകര്യം. യൂസ്ഡ് കാർ വാങ്ങുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കാർസ് 24 ഇനി ഇന്ത്യയിലെ 30ലധികം നഗരങ്ങളിലൂടെ മികച്ച കാറുകൾ വിൽക്കുകയും ചെയ്യും. മികച്ച വാങ്ങൽ അനുഭവം പകരുന്നതിനും വിൽപ്പനയും വാങ്ങലും സുതാര്യമാക്കാനുമായി നിരവധി ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ബൈ ബാക്ക് ഗാരന്റി, കാറിന്റെ സ്ഥിതി പരിശോധന, വായ്പാ സൗകര്യം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും.

150 പരിശോധന പോയിന്റുകളിലൂടെയുള്ള വിശദമായ കാർ പരിശോധന ഉൾപ്പെട്ടതാണ് നൂതനമായ ബിസിനസ് മോഡൽ. സുതാര്യത ഉറപ്പുവരുത്താനായി വാങ്ങാനെത്തുവർക്ക് കാറിന്റെ സമ്പൂർണ ആരോഗ്യ വിവരങ്ങൾ ലഭ്യമാകും. കാർസ് 24ലെ വിദഗ്ധരാണ് വാങ്ങൽ നടപടിക്രമങ്ങൾ മുഴുവൻ ചെയ്യുന്നത്. സ്വപ്ന കാർ കണ്ടെത്തുന്നതു മുതൽ ആർസി ട്രാൻസ്ഫർവരെയുള്ള കാര്യങ്ങൾ ഇവർ പൂർത്തിയാക്കും.

തൃപ്തികരമല്ലെങ്കിൽ കമ്പനി തന്നെ വാഹനം തിരികെ വാങ്ങുകയും ചെയ്യും. കഴിഞ്ഞ നാലു വർഷത്തിലധികമായി കാർസ് 24 മൊബൈൽ ലേല പ്ലാറ്റ്ഫോമായി നിലകൊണ്ടു വരുന്നു. രണ്ടു ലക്ഷം കാറുടമകളെങ്കിലും പ്ലാറ്റ്ഫോമിലൂടെ വാഹനങ്ങൾ വിൽപ്പന നടത്തിയിട്ടുണ്ട്. തടസങ്ങളില്ലാതെ വേഗത്തിൽ വിൽപ്പന നടത്താനുള്ള സൗകര്യമാണ് പ്ലാറ്റ്ഫോം ഒരുക്കിയിരുന്നത്.

കാർ വാങ്ങൽ എന്നും ആശങ്കയുണർത്തുന്നതാണെന്നും വിശ്വാസവും സുതാര്യതയുമാണ് പ്രശ്നമെന്നും പ്രീ-ഓൺഡ് കാർ വാങ്ങാൻ നടക്കുന്നവരിൽ നിന്നും ശക്തമായ ആവശ്യമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും കാർ വിൽപ്പനയുടെ കാര്യത്തിൽ ഇതിനകം കമ്പനി ചുവടുറപ്പിച്ചു കഴിഞ്ഞെന്നും പുതിയ നീക്കം കൂടുതൽ ഉപഭോക്താക്കളിലേക്ക് അടുപ്പിക്കുമെന്നാണ് കരുതുന്നതെന്നും 2020 ഓടെ 100ലധികം നഗരങ്ങളിലേക്ക് വ്യാപിപ്പിച്ച് 10 ലക്ഷം ഉപഭോക്താക്കളിലേക്ക് എത്തുകയാണ് ലക്ഷ്യമെന്നും കാർസ് 24 സഹ-സ്ഥാപകനും സിഇഒയുമായ വിക്രം ചോപ്ര പറഞ്ഞു.

TAGS: Cars 24 |