ഹോണ്ട ഡിയോ വില്‍പ്പന 30 ലക്ഷം കടന്നു

Posted on: May 7, 2019

കൊച്ചി: ഇന്ത്യയില്‍ സ്‌കൂട്ടര്‍വല്‍ക്കരണത്തിന് നേതൃത്വം നല്‍കുന്ന ഹോണ്ട ടൂ വീലറിന്റെ യുവ മോട്ടോ സ്‌കൂട്ടറായ ഡിയോയുടെ വില്‍പ്പന 30 ലക്ഷം കടന്നു. 2002ല്‍ അവതരിപ്പിച്ച ഡിയോ യുവജനങ്ങളുടെ ട്രെന്‍ഡ് സെറ്ററായി തുടരുകയാണ്. 14 വര്‍ഷം കൊണ്ട് 15 ലക്ഷം വില്‍പ്പന നടന്ന ഡിയോ കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ടാണ് മറ്റൊരു 15 ലക്ഷം കൂടി വില്‍പ്പന കൈവരിച്ചിരിക്കുന്നത്. അഞ്ചിരട്ടി വേഗത്തിലുള്ള വളര്‍ച്ച. ഇതോടെ വില്‍പ്പനയില്‍ ഇന്ത്യയില്‍ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഡിയോ.

ഇന്ത്യയിലെ യുവ ഉപഭോക്താക്കളെ മാത്രമല്ല ആഗോള തലത്തില്‍ തന്നെ അംഗീകാരം നേടിയിരിക്കുകയാണ് ഡിയോ. സ്‌കൂട്ടര്‍ വിഭാഗത്തില്‍ കയറ്റുമതിയില്‍ 44 ശതമാനം പങ്കാളിത്തം സ്വന്തമാക്കികൊണ്ട് രാജ്യത്തു നിന്നും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന സ്‌കൂട്ടര്‍ എന്ന പദവിയും ഡിയോയ്ക്ക് സ്വന്തമായിരിക്കുകയാണ്. 11 ദക്ഷിണേഷ്യന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഡിയോ കയറ്റുമതി ചെയ്യുന്നുണ്ട്. ഹോണ്ട ഇന്ത്യയുടെ ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്ന മോഡല്‍ കൂടിയാണ് ഡിയോ.

17 വര്‍ഷം പിന്നിടുമ്പോഴും ഹോണ്ട ഡിയോ പുതുമ നിലനിര്‍ത്തുകയാണെന്നും സൗകര്യപ്രദമായ ഫീച്ചറുകളും സ്റ്റൈലും ഡിയോയെ യുവജനങ്ങളുടെ മികച്ച പങ്കാളിയാക്കുന്നുവെന്നും ഡിയോയെ ട്രെന്‍ഡിയാക്കുന്നതില്‍ സഹകരിച്ച എല്ലാ ഉപഭോക്താക്കളോടും നന്ദിയുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

എല്‍ഇഡി ഹെഡ്‌ലാമ്പും, എല്‍ഇഡി പൊസിഷന്‍ ലാപ്പും, ഫുള്‍ ഡിജിറ്റല്‍ മീറ്റര്‍ ഡിസിയോടുകൂടിയ ഡിയോ, സ്റ്റാന്‍ഡേര്‍ഡ് & ഡീലക്‌സ് എന്നീ രണ്ടു വേരിയന്റുകളിലായി 9 ആകര്‍ഷണീയമായ നിറങ്ങളില്‍ ലഭ്യമാണ്. ഡിയോയുടെ വില 52,938 (എക്‌സ്‌ഷോറൂം, ഡല്‍ഹി).

TAGS: Honda Dio |