ഹോണ്ടയുടെ നാലാമത്തെ പ്ലാന്റ് ഫാക്ടറി തുറന്നു

Posted on: February 22, 2016
ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യയുടെ രാജ്യത്തെ നാലാമത്തെ പ്ലാന്റ് ഗുജറാത്തിലെ വിത്തൽപൂരിൽ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ  ഉദ്ഘാടനം ചെയ്യുന്നു.

ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യയുടെ രാജ്യത്തെ നാലാമത്തെ പ്ലാന്റ് ഗുജറാത്തിലെ വിത്തൽപൂരിൽ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : മേക്ക് ഇൻ ഇന്ത്യക്ക് കരുത്ത് പകർന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യയിലെ നാലാമത്തെ പ്ലാന്റ് ഗുജറാത്തിലെ വിത്തൽപൂരിൽ ആരംഭിച്ചു. 1100 കോടി രൂപ മുതൽ മുടക്കി 13 മാസം കൊണ്ടാണ് പ്ലാന്റ് പൂർത്തിയാക്കിയത്. ഹോണ്ടയ്ക്ക് ഘടകങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ അവർക്കാവശ്യമായ ഫാക്ടറികൾ സ്ഥാപിക്കുന്നതിനായി ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലായി വേറൊരു 1100 കോടി രൂപ കൂടി നിക്ഷേപിക്കും.

പുതിയ പ്ലാന്റിൽ 3000 പേർക്ക് ജോലി ലഭിക്കും. കൂടാതെ ഘടകങ്ങൾ നിർമ്മിക്കുന്ന യൂണിറ്റുകളിൽ വേറെ 6000 പേർക്ക് കൂടി തൊഴിൽ ലഭ്യമാവും. ഓട്ടോമാറ്റിക് സ്‌കൂട്ടർ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന ഫാക്ടറി തുടക്കത്തിൽ 6 ലക്ഷം യൂണിറ്റുകളാണ് നിർമിക്കുക. ഈ വർഷം മധ്യത്തോടെ വേറൊരു 6 ലക്ഷം യൂണിറ്റുകളുടെ നിർമാണവും തുടങ്ങും. 2016 അവസാനത്തോടെ ഹോണ്ടയുടെ ഇന്ത്യയിലെ ഇരുചക്രവാഹന ഉത്പാദനം 26 ശതമാനം വർധിച്ച് 58 ലക്ഷം യൂണിറ്റുകളാകും.

പരിസ്ഥിതി സൗഹൃദമായ വിത്തൽപൂർ പ്ലാന്റിൽ സീറോ ലിക്വിഡ് ഡിസ്ചാർജ് സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്. മഴ വെള്ളം സംഭരിക്കാനുള്ള സംവിധാനവുമുണ്ട്. ഹോണ്ടയുടെ ഇരുചക്ര വാഹന പ്ലാന്റിൽ ലോകത്ത് തന്നെ ഇതാദ്യമായി റോബോട്ടിക് പ്രസ് ഷോപ്പ് വിത്തൽപുരിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഡൈ ക്ലാസ്റ്റിങ്ങിന് വാക്വം കൂളിംഗ് സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തിയിരിക്കുന്നു.

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലാണ് പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. ഹോണ്ട മോട്ടോർ കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (ഏഷ്യാ – ഓഷ്യാനിക് മേഖല) നൊറിയാകെ അബെ, ഹോണ്ട മോട്ടോർ സൈക്കിൾ വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷിൻജി അയോമ, ഹോണ്ട ഉത്പാദന വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തോഷിയുകി ഷിമ്പാര, ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കിയറ്റ മുരമറ്റ്‌സു, സീനിയർ വൈസ് പ്രസിഡന്റ് (പ്രൊഡക്ഷൻ) വി. ശ്രീധർ, സീനിയർ വൈസ് പ്രസിഡന്റ് (പർച്ചേസ്) അനുപം മൊഹീന്ദ്രൂ, സീനിയർ വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ്), വൈ.എസ്. ഗൂലേറിയ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.