റേഞ്ച് റോവർ ഇവോക്ക് 2016 മോഡൽ വിപണിയിൽ

Posted on: November 22, 2015

Range-Rover-Evoque-2016-Lau

കൊച്ചി : ലാൻഡ് റോവറിന്റെ പുതിയ ആഡംബര എസ്‌യുവിയായ റേഞ്ച് റോവർ ഇവോക്ക് 2016 വിപണിയിലെത്തി. ഡിസൈനിലും സാങ്കേതിക വിദ്യയിലും ഒട്ടേറെ പുതുമകളോടെയെത്തുന്ന പുതിയ റേഞ്ച് റോവർ ഇവോക്ക് സ്‌റ്റൈലിലും പകിട്ടിലും മറ്റു എസ്‌യുവികളെക്കാൾ മുൻപന്തിയിലാണ്.

സ്ലിം ലൈൻ എൽഇഡി ഫോഗ് ലാംപുകളും വീതിയുള്ള ടോ-ഐ കവറും മുന്നിലെ ബംപർ ഡിസൈനിനു മാറ്റു കൂട്ടുന്നു. വിവിധ തരം പ്രീമിയം ഫിനിഷുകളിൽ പുതിയ രണ്ടു ഗ്രിൽ ഡിസൈനുകൾ ലഭ്യമാണ്. ഇവോക്കിന്റെ സ്റ്റാന്റേർഡ് ഗ്രിൽ ഡിസൈനിനെ വ്യത്യസ്തമാക്കുന്നത് കുറുകെയുള്ള രണ്ടു ബാറുകളും പുതിയ ഫൈൻ മെഷ് മാതൃകയുമാണ്. ഹെക്‌സഗെണൽ ഗ്രിൽ ഡിസൈനും വ്യക്തമായ മെഷ് ഏരിയയും ഇവോക്കിന്റെ രൂപഭംഗി കൂടുതൽ മികവുറ്റതാക്കുന്നു.

പുതിയ രൂപത്തിലുള്ള എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ ഇവോക്കിനെ ശ്രദ്ധേയമാക്കുന്നു. പിൻ ബംപറിനു താഴെ കാലുകൾ വീശുമ്പോൾ ടെയ്ൽഗേറ്റ് ഓട്ടോമാറ്റിക്കായി തുറക്കാനും അടയ്ക്കാനും സഹായിക്കുന്ന ജെസ്ചർ ടെയ്ൽഗേറ്റ് ഫംഗ്ഷൻ, ഹെഡ് അപ്പ് ഡിസ്‌പ്ലേ, 825 വാട്ട്‌സ് മെറിഡിയൻ സറൗണ്ട് സൗണ്ട് സിസ്റ്റം, റിയർ സീറ്റ് എന്റർറ്റെയ്ൻമെന്റ്, സറൗണ്ട് കാമറ സിസ്റ്റം, 17 സ്പീക്കറുകൾ, 9 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ എന്നിവയാണ് പുതിയ റേഞ്ച് റോവർ ഇവോക്കിന്റെ സവിശേഷതകൾ. പത്തു നിറങ്ങളിലുള്ള മൂഡ് ലൈറ്റുകൾ പുതിയ ഇവോക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ടച്ച് സ്‌ക്രീൻ വഴി നിയന്ത്രിക്കാനാവുന്ന ഈ മൂഡ് ലൈറ്റുകളുടെ ബ്രൈറ്റ്‌നസ്സ് കൂട്ടാനും കുറയ്ക്കാനും സാധിക്കും.

3500 ആർപിഎമ്മിൽ 140 കിലോ വാട്ടും 1750 ആർപിഎമ്മിൽ പരമാവധി 420 എൻഎം ടോർക്കും സാധ്യമാക്കുന്ന 2.2 ലിറ്റർ നാലു സിലിണ്ടർ ടർബോ ചാർജ്ഡ് ഡീസൽ എൻജിനാണ് പുതിയ റേഞ്ച് റോവർ ഇവോക്കിൽ ഉപയോഗിച്ചിരിക്കുന്നത്. റേഞ്ച് റോവർ ഇവോക്കിന്റെ മുംബൈ എക്‌സ് ഷോറൂം വിലകൾ : റേഞ്ച് റോവർ ഇവോക്ക് പ്യുവർ (വില 47.1 ലക്ഷം), റേഞ്ച് റോവർ ഇവോക്ക് എസ്ഇ ( വില 52.9 ലക്ഷം), റേഞ്ച് റോവർ ഇവോക്ക് എച്ച്എസ്ഇ(വില 57.7 ലക്ഷം), റേഞ്ച് റോവർ ഇവോക്ക് എച്ച്എസ്ഇ ഡൈനാമിക്ക് (വില 63.2 ലക്ഷം) എന്നിങ്ങനെ 2016 മോഡൽ റേഞ്ച് റോവർ ഇവോക്കിന്റെ നാലു വ്യത്യസ്ത മോഡലുകളാണ് ഇപ്പോൾ വിപണിയിലെത്തുന്നത്.