ഹോണ്ടയുടെ സി ബി ഷൈൻ എസ്പി വിപണിയിൽ

Posted on: November 20, 2015

Honda-CB-Shine-SP-Launch-Bi

കൊച്ചി : ഹോണ്ട മോട്ടോർ പുതിയ സി ബി ഷൈൻ എസ്പി വിപണിയിൽ അവതരിപ്പിച്ചു. ഈ വർഷം ഹോണ്ട ഇന്ത്യൻ വിപണിയിലിറക്കുന്ന 15-ാമത്തെ ഇരുചക്രവാഹനമാണിത്. 125 സിസി 4- സ്‌ട്രോക്ക് ഹോണ്ട ഇക്കോ ടെക്‌നോളജി എൻജിനോടുകൂടിയ സി ബി ഷൈൻ എസ്പിയുടേത് 5-സ്പീഡ് ഗിയർ ബോക്‌സാണ്. എല്ലാത്തരം ഇന്ത്യൻ റോഡുകളിലും അനായാസം ഓടിക്കാൻ പാകത്തിൽ വീൽ ബേസും ഗ്രൗണ്ട് ക്ലിയറൻസും കൂടുതലുണ്ട്.

എയറോഡൈനാമിക് രൂപകൽപന മനോഹാരിത വർധിപ്പിക്കുന്നതിനു പുറമെ കുറഞ്ഞ ചെലവിൽ മികച്ച പ്രവർത്തനം ലഭ്യമാക്കുകയും ചെയ്യും. എടുത്തുകാണിക്കുന്ന ഫ്രണ്ട്‌ലൈറ്റ് ബൈക്കിന്റെ മുൻഭാഗത്തെ ആകർഷകമാക്കുന്നു. ചന്തമാർന്ന ഗ്രാഫിക്, ഡിജിറ്റൽ അനലോഗ് മീറ്റർ കൺസോൾ, സ്പ്ലിറ്റ് അലോയ് വീലുകൾ, ക്രോം ഫിനിഷ് മഫ്‌ളർ കവർ, കൂടുതൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന കോമ്പി-ബ്രേക്കിംഗ് സിസ്റ്റം എന്നിവ എടുത്തുപറയത്തക്കവയാണ്.

മികച്ച ഇന്ധനക്ഷമതയാണ് മറ്റൊരു സവിശേഷത. ലിറ്ററിന് 65 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ജെന്നി ഗ്രേ മെറ്റാലിക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, പേൾ അമേസിങ്ങ് വൈറ്റ്, ബ്ലാക്ക്, റേബൽ റെഡ് മെറ്റാലിക് എന്നീ നിറങ്ങളിലായി മൂന്ന് വേരിയന്റുകളിൽ സി ബി ഷൈൻ എസ്പി ലഭ്യമാണ്.

സി ബി ഷൈൻ എസ്പിയുടെ ഡൽഹി എക്‌സ് ഷോറൂം വിലകൾ : സെൽഫ്- ഡ്രം അലോയ് മോഡൽ – 59,900 രൂപ, സെൽഫ്-ഡിസ്‌ക് അലോയ് – 62,400 രൂപ, സിബിഎസ്- 64,400 രൂപ.

ലോകത്തിലെ ഏറ്റവും യുവത്വമാർന്ന ജനതയെ പ്രതിനിധീകരിക്കുന്ന ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർ സൈക്കിളാണ് സി ബി ഷൈൻ എസ്പിയെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കിയറ്റ മൂരമറ്റ്‌സു പറഞ്ഞു.

ഹോണ്ടയ്ക്ക് 125 സിസി വിഭാഗത്തിൽ 46 ശതമാനം വിപണി വിഹിതമുണ്ട്. ഈ വിഭാഗത്തിൽ കൂടുതൽ കരുത്താർജിക്കാൻ സി ബി ഷൈൻ എസ്പി സഹായകമാകുമെന്ന് സീനിയർ വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ്) വൈ.എസ്. ഗൂലേറിയ അഭിപ്രായപ്പെട്ടു.