മഹീന്ദ്ര മോജോ മോട്ടോർസൈക്കിൾ വിപണിയിൽ

Posted on: October 23, 2015

Mahindra-Mejo-Big

കൊച്ചി: മഹീന്ദ്ര ടൂ വീലേഴ്‌സ് മോജോ മോട്ടോർസൈക്കിൾ വിപണിയിൽ അവതരിപ്പിച്ചു. സ്റ്റൈൽ, പ്രകടനം, യാത്രാസുഖം എന്നിവയിൽ പുതിയ നിലവാരം സൃഷ്ടിക്കുന്ന മോജോ മോട്ടോർ സൈക്കിളിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്.

തദ്ദേശീയമായി നിർമിച്ച എൻജിൻ, ലോ ഫ്രിക്ഷൻ പിസ്റ്റൺ ആൻഡ് റിംഗ്‌സ്, അത്യാധുനിക ഇലക്‌ട്രോണിക് ഫ്യുവൽ ഇഗ്നീഷ്യൻ, ഇറിഡിയം സ്പാർക്ക് പ്ലഗ്, ട്വിൻ എക്‌സോസ്റ്റ്, 320 ഡിസ്‌ക് ബ്രേക്ക്, പിറേലി ഡയബ്ലോ റോസോ ടു ടയർ തുടങ്ങിയവ ബൈക്കിന്റെ യാത്രാ സുഖം വർധിപ്പിക്കുന്നു. ഇതോടൊപ്പം 21 ലിറ്റർ ഇന്ധനടാങ്കും കൂടി ചേരുമ്പോൾ സുഖമായ ദീർഘയാത്ര സാധ്യമാകുന്നു.

ന്യൂഡൽഹി, ബംഗലരു, മുംബൈ ഉൾപ്പെടെ രാജ്യത്തെ 10 നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഷോറൂമുകളിലാണ് ആദ്യഘട്ടത്തിൽ മോജോ ലഭ്യമാക്കിയിട്ടുള്ളത്. ഗ്ലേസിയർ വൈറ്റ്, ചാർകോൾ ബ്ലാക്ക്, വൊൾക്കാനോ റെഡ് എന്നീ നിറങ്ങളിൽ മോജോ ലഭിക്കും. 1.58 ലക്ഷം രൂപയാണ് ഡൽഹി എക്‌സ്‌ഷോറും വില. ദീപാവലി വരെയാണ് ഈ പ്രത്യേക വില.