മഹീന്ദ്ര മോജോ കേരള വിപണിയിൽ

Posted on: September 13, 2016

mahindra-mojo-big

കൊച്ചി : മഹീന്ദ്ര ടൂ വീലേഴ്‌സ് മഹീന്ദ്ര മോജോ മോട്ടോർസൈക്കിൾ കേരള വിപണിയിൽ അവതരിപ്പിച്ചു. കൊച്ചി, കോഴിക്കോട് എക്‌സ്‌ഷോറൂം വില 1,75,000 രൂപ. ആലുവയിലെ വെഞ്ച്വർ മോട്ടോഴ്‌സ്, കോഴിക്കോട്ടെ പനാമ മോട്ടോഴ്‌സ് എന്നിവരാണ് കേരളത്തിലെ ഡീലർമാർ. രാജ്യത്തെ 14 സംസ്ഥാനങ്ങളിലായി 39 ഡീലർമാരാണ് മഹീന്ദ്ര മോജോയ്ക്കുള്ളത്.

കഴിഞ്ഞ ഒക്‌ടോബറിൽ നിരത്തിലെത്തിയ മോജോ ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയിൽ പുതിയ റൈഡിംഗ് നിലവാരം ലഭ്യമാക്കിയിരിക്കുകയാണെന്ന് കമ്പനിയുടെ സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് പ്രോഡക്ട് പ്ലാനിംഗ് സീനിയർ ജനറൽ മാനേജർ നവീൻ മൽഹോത്ര പറഞ്ഞു. ചെറിയ കാലത്തിനുള്ളിൽ എട്ടു പുരസ്‌കാരങ്ങൾ നേടുവാൻ മഹീന്ദ്ര മോജോയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോജോ ഉടമസ്ഥരുടെ ക്ലബായ മോജോ ട്രൈബിന് കോഴിക്കോട്ടും കൊച്ചിയിലും ഉടനേ മോജോ ക്ലബ് ചാപ്റ്റർ ആരംഭിക്കും. ഇതുവഴി കേരളത്തിലെ ഉടമസ്ഥർക്കും അവരുടെ മോജോ റൈഡ് അനുഭവങ്ങൾ പങ്കു വയ്ക്കാം. മോജോ ട്രൈബ് മൊബൈൽ ആപ്പു പുറത്തിറക്കിയിട്ടുണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ 19 നഗരങ്ങളിൽ മോജോ ക്ലബ് ചാപ്റ്ററുകളുണ്ട്.

ഡബിൾ ഓവർ ഹെഡ് കാംഷാഫ്‌റ്റോടുകൂടിയ തദ്ദേശീയ എൻജിൻ, കുറഞ്ഞ ഫ്രിക്ഷനുള്ള പിസ്റ്റണും റിംഗ്‌സും, ഏറ്റവും പുതിയ ഇലക്‌ട്രോണിക് ഫ്യൂവൽ ഇഗ്നീഷൻ, ഇറിഡയം സ്പാർക് പ്ലഗ്, ട്വിൻ എക്‌സ്‌ഹോസ്റ്റ് തുടങ്ങിയ സവിശേഷതകളോടെയാണ് മോജോ പുറത്തിറക്കിയിട്ടുള്ളത്. വലിയ 320 എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്, പിറേലി ഡയബ്ലോ റോസോ ടയർ തുടങ്ങിയവയോടൊപ്പം 21 ലിറ്റർ ഇന്ധന ടാങ്ക് ദീർഘദൂരം യാത്ര ചെയ്യാൻ സഹായിക്കുന്നു. ഈ വിഭാഗത്തിൽ ഏറ്റവും വലിയ ഇന്ധന ടാങ്കുള്ള ഇരുചക്രവാഹനമാണ് മോജോ.

എൽഇഡി ഗൈഡ് ലൈറ്റോടുകൂടിയ ട്വിൻ പോഡ് ഹെഡ് ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, ഫ്യൂവൽ ഗേജോടുകൂടിയ ഡിജിറ്റൽ സ്പീഡോ മീറ്റർ, ഇതിനായി പ്രത്യേകം തയാറാക്കിയിട്ടുള്ള ട്വിൻ എക്‌സ്‌ഹോസ്റ്റ് സംവിധാനം തുടങ്ങിയവ മറ്റു സവിശേഷതകളാണ്.

TAGS: Mahindra Mojo |