സ്‌കോഡ ഒക്ടാവിയ ആനിവേഴ്‌സറി എഡിഷൻ

Posted on: September 15, 2015

Skoda-Octavia-new-Big

കൊച്ചി : സ്‌കോഡ ഇന്ത്യ തങ്ങളുടെ ഒക്ടാവിയ ആനിവേഴ്‌സറി എഡിഷൻ അവതരിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ ഇതാദ്യമായി വിപ്ലവകരമായ സ്മാർട്ട് ലിങ്ക് കണക്ടിവിറ്റി അവതരിപ്പിച്ചു കൊണ്ടാണ് പുതിയ എഡിഷൻ എത്തുന്നത്. റിയർ വ്യൂ ക്യാമറ, കീലെസ് എൻട്രിയും എൻജിൻ സ്റ്റാർട്ട് ചെയ്യലും നിർത്തലും, പിൻസീറ്റിന്റെ വശങ്ങളിലെ എയർ ബാഗുകൾ, സ്റ്റീയറിംഗ് വീലിലെ ഗിയർ ഷിഫ്റ്റ് കൺട്രോൾ എന്നിങ്ങനെയുള്ള സവിശേഷതകളും ഇതിലുണ്ട്. പിന്നിൽ വശങ്ങളിലെ രണ്ട് എയർ ബാഗുകൾ അവതരിപ്പിക്കുന്നതോടെ ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതത്വം ലഭ്യമാക്കിക്കൊണ്ട് ഒക്ടാവിയ ശ്രേണിക്ക് എട്ട് എയർ ബാഗുകളാവും.

കാറും മൊബൈലും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതായിരിക്കും സ്മാർട്ട് ലിങ്ക് സംവിധാനം. സ്‌ക്രീനിലെ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിൽ തെരഞ്ഞെടുത്ത സ്മാർട്ട് ഫോൺ ആപ്പുകൾ ഉപയോഗിക്കാൻ ഇത് ഉപഭോക്താവിനെ സഹായിക്കും. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, മിറർ ലിങ്ക് സിസ്റ്റംസ് എന്നിവ ഉൾപ്പെടെയുള്ള ഇന്റഗ്രേറ്റഡ് കണക്ടിവിറ്റി ലഭ്യമായ സ്മാർട്ട് ലിങ്ക് ആയിരിക്കും ഒക്ടാവിയ ലഭ്യമാക്കുന്നത്. സ്മാർട്ട് ഫോണിൽ ഉള്ളവ സെൻട്രൽ സ്‌ക്രീനിൽ ഡിസ്‌പ്ലേ ചെയ്യും വിധമാണ് ഇവയുടെ പ്രവർത്തനം.

സ്ഥല സൗകര്യം, കാലോചിതമായ രൂപകൽപ്പന, ഉയർന്ന രീതിയിലെ പ്രവർത്തനങ്ങൾ, ഉന്നത നിലവാരമുള്ള സുരക്ഷയും സൗകര്യങ്ങളും, ഉയർന്ന ഇന്ധന ക്ഷമത എന്നിവയും ഒക്ടാവിയയ്ക്കുണ്ട്. വലിയ അഞ്ചാമത്തെ ഡോർ ഉള്ളതിന്റെ നേട്ടങ്ങൾ പ്രദാനം ചെയ്യുന്ന മികച്ച രൂപകൽപ്പനയാണ് ഒക്ടോവിയയുടെ ഒരു പ്രധാന ആകർഷണം. ഡൽഹിയിലെ എക്‌സ് ഷോറൂം വില 15.75 ലക്ഷം രൂപ.