മാരുതിയുടെ എസ്-ക്രോസ് കേരള വിപണിയിൽ

Posted on: August 6, 2015

Maruti-S-Cross-Launch-Big

കൊച്ചി : മാരുതി സുസുക്കിയുടെ ആദ്യ പ്രീമിയം ക്രോസ്-ഓവർ, എസ്-ക്രോസ് കേരള വിപണിയിൽ അവതരിപ്പിച്ചു. എസ് -ക്രോസിന്റെ കൊച്ചിയിലെ എക്‌സ്‌ഷോറൂം വില 8.78 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. സെഡാന്റെ യാത്രാസുഖവും, എസ് യു വിയുടെ കാഴ്ചപ്പൊലിമയുമാണ് എസ്-ക്രോസ് നൽകുന്നത്. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന ലോഞ്ചിംഗിൽ മാരുതി സുസുക്കി കൊമേർഷ്യൽ ബിസിനസ്് വിഭാഗം മേധാവി തോമസ് ചെറിയാൻ, ടെറിട്ടറി സെയിൽസ് മാനേജർ അലക്‌സ് കെ. എന്നിവർ പങ്കെടുത്തു.

പുതിയ പ്ലാറ്റ്‌ഫോമിലാണ് എസ്-ക്രോസ് നിർമ്മിച്ചിരിക്കുന്നത്. 4.3 മീറ്റർ നീളമുള്ള 5 സീറ്റർ ക്രോസ് ഓവറിന് 180 മി.മീ. ആണ് ഗ്രൗണ്ട് ക്ലിയറൻസ്. എസ്-ക്രോസിന്റെ കാരക്ടർ കളർ അർബൻ ബ്ലൂ ആണ്. പേൾ ആർട്ടിക് വൈറ്റ്, കഫീൻ ബ്രൗൺ, പ്രീമിയം സിൽവർ, ഗ്രാനൈറ്റ് ഗ്രേ എന്നീ കളറുകളിലും ലഭ്യമാണ്.

രണ്ട് ഡീസൽ എൻജിൻ ഓപ്ഷനുകളാണ് എസ്-ക്രോസിനുള്ളത്. 1.3 ലിറ്റർ 200 ഡിഡിഐഎസ് എൻജിന്റെ കരുത്ത് 200 എൻഎം ആണ്. അഞ്ച് സ്പീഡ് ഗിയർബോക്‌സുള്ള ഈ വേരിയന്റിന് ലിറ്ററിന് 23.65 കിലോമീറ്റർ മൈലേജ് എആർഎഐ സാക്ഷ്യപ്പെടുത്തുന്നു.

320 ഡിഡിഐഎസിന്റെ 1.6 ലിറ്റർ ഡീസൽ എൻജിന്റെ കരുത്ത് 320എൻഎം ആണ്. ആറ് സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ്. എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് ലിറ്ററിന് 22.70 കിലോമീറ്ററാണ്. 1.6 ലിറ്റർ എസ്-ക്രോസിന് 100 കിലോമീറ്റർ വേഗതകൈവരിക്കാൻ 11.3 സെക്കന്റുമതി.

രണ്ട് എയർബാഗുകൾ, എബിഎസ്, നാല് വീലുകൾക്കും ഡിസ്‌ക് ബ്രേക്ക് എന്നിവ എല്ലാ വേരിയന്റിലുമുണ്ട്. ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, നാവിഗേഷൻ സിസ്റ്റം, റിയർവ്യൂ ക്യാമറ, ക്ലൈമെറ്റ് കൺട്രോൾ എസി, ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ന്റ്‌മെന്റ് സിസ്റ്റം എന്നിവ ടോപ് വേരിയന്റുകളിലുണ്ട്. മാരുതി പ്രീമിയം മോഡലുകൾക്കായി തുറന്ന നെക്‌സാ ഷോറൂമുകളിലൂടെ മാത്രമാണ് എസ്-ക്രോസിന്റെ വിൽപ്പന.