പരിഷ്‌കരിച്ച ഷെവലെ എൻജോയ് വിപണിയിൽ

Posted on: July 6, 2015

Chevrolet-Enjoy-front-Bigകൊച്ചി : ജനറൽ മോട്ടോഴ്‌സ് ഇന്ത്യ പരിഷ്‌കരിച്ച ഷെവർലെ എൻജോയ് വിപണിയിൽ അവതരിപ്പിച്ചു. ന്യൂഡൽഹിയിലെ എക്‌സ്‌ഷോറൂം വില 6.24 ലക്ഷം രൂപ മുതൽ 8.79 ലക്ഷം രൂപ വരെയാണ്. യാത്രാസുഖം, കൂടുതൽ സ്ഥലസൗകര്യം തുടങ്ങിയവയാണ് ഈ എട്ടു സീറ്റർ എംപിവി വാഗ്ദാനം ചെയ്യുന്നത്.

കോംപാക്ട് എംപിവി വിഭാഗത്തിൽ പണത്തിനു ഏറ്റവും മൂല്യം നല്കുന്ന വാഹനം ഷെവർലെ എൻജോയ് ആണ്. ഇതിനായി ഓഡിയോ കൺട്രോളോടുകൂടിയ ഏറ്റവും പുതിയ ത്രീ- സ്‌പോക്ക് സ്‌പോർട്ടി സ്റ്റീയറിംഗ് ഉൾപ്പെടെ നിരവധി മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയിട്ടുണ്ട്. കൂടുംബയാത്രയ്ക്കും ബിസിനസ് ഉപയോഗത്തിനും ഒരു പോലെ ഉപയോഗിക്കാൻ കഴിയന്ന വിധത്തിൽ ഈ വാഹനത്തെ ആകർഷകമാക്കിയിട്ടുണ്ട്. ജനറൽ മോട്ടോഴ്‌സ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് പി. ബാലേന്ദ്രൻ പറയുന്നു.

സെഡാനുകളോടു മത്സരിച്ചു നില്ക്കുന്ന ഷെവർലെ എൻജോയ്‌യുടെ നീളം 4305 മില്ലി മീറ്ററും വീതി 1680 മില്ലി മീറ്ററും ഉയരം 1750 മില്ലി മീറ്ററും വീൽ ബേസ് 2720 മില്ലി മീറ്ററുമാണ്. വെൽവെറ്റ് റെഡ്, സ്വിച്ച്‌ബ്ലേഡ് സിൽവർ, സമിറ്റ് വൈറ്റ്, കവിയാർ ബ്ലാക്ക്, ലിനൻ ബീജ്, സാൻഡ്രിഫ്റ്റ് ഗ്രേ എന്നിങ്ങനെ ആറു നിറങ്ങളിൽ ഷെവർലെ എൻജോയ് ലഭിക്കും. സീറ്റിംഗ് ഓപ്ഷൻ തെരഞ്ഞെടുക്കുന്നതനുസരിച്ച് ഏഴോ എട്ടോ പേരെ ഉൾക്കൊള്ളാനാവും. എൽഎസ്, എൽടി, എൽടിഇസഡ് എന്നിവയാണ് ഓപ്ഷനുകൾ.

Chevrolet-Enjoy-Inside-Bigപുറകിലെ മൂന്നു സീറ്റുകൾ ആവശ്യത്തിനനുസരിച്ചു മടക്കാവുന്നതുമൂലം 630 ലിറ്റർ ലഗേജ് സ്‌പേസ് വരെ ലഭ്യമാകുന്നു. അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റീയറിംഗ്, മുമ്പിലും പിറകിലും പവർ വിൻഡോ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയവയെല്ലാം ഷെവർലെ എൻജോയ്‌യ്ക്ക് ആകർഷണീയത നല്കുന്ന ഘടകങ്ങളാണ്. ജനറൽ മോട്ടോഴ്‌സ് ഇന്ത്യയുടെ പുതുതലമുറ എൻജിനായ സ്മാർടെക് ( പെട്രോൾ, ഡീസൽ എൻജിനുകൾ) ആണ് ഷെവർലെ എൻജോയിൽ ഉപയോഗിച്ചിട്ടുളളത്.

സവിശേഷമായ സുരക്ഷാ കരുതലുള്ള വാഹനമാണ് ഷെവർലെ എൻജോയ്. അതിന്റെ സേഫ് കേജ് ബോഡി സ്ട്രക്ചർതന്നെ മികച്ച സുരക്ഷ ഒരുക്കുന്നതാണ്. ഉയർന്ന ശക്തിയുളള സ്റ്റീൽ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഉയർന്ന കരുത്തുളള സ്റ്റീലുകൊണ്ടു നിർമിച്ചിട്ടുളള പത്തു കൊളീഷൻ പ്രൊട്ടക്ഷൻ ബീം യാത്രക്കാരെ ഇടിയുടെ ശക്തിയിൽനിന്നു സംരക്ഷിക്കുന്നു.

ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം(എബിഎസ്), ഇലക്‌ട്രോണിക് ബ്രോക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ഡ്യുവൽ ഫ്രണ്ട് എയർബാഗ്, റിയർ പാർക്ക് അസിസ്റ്റ്, ഇലക്‌ട്രോണിക് ആന്റി തെഫ്റ്റ് സിസ്റ്റം, റിയർ വിൻഡോ ഡീഫോഗർ, റിയർ വാഷ് ആൻഡ് വൈപ്പ് സിസ്റ്റം, റിയർ ഡോർ ചൈൽഡ് ലോക്ക്, സെൻട്രൽ ഡോർ ലോക്കിംഗ്, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്ക്, റിമോട്ട് കീ ലോക്കിംഗ് ആൻഡ് അൺലോക്കിംഗ് സിസ്റ്റം തുടങ്ങിയ നിരവധി സുരക്ഷാ ഫീച്ചറുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ചു ഇവ തെരഞ്ഞെടുക്കാനും സാധിക്കും.

മൂന്നുവർഷം അല്ലെങ്കിൽ 100,000 കിലോമീറ്ററിന്റെ സ്റ്റാൻഡാർഡ് വാറന്റിക്കു പുറമേ കുറഞ്ഞ ചെലവിൽ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കുന്ന കംപ്ലീറ്റ് കെയർ പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ചെറിയ തുക നല്കി അധിക വാറന്റി, 24 മണിക്കൂർ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റൻസ്, സ്ത്രീകൾ ഉടമകളായിട്ടുളള വാഹനങ്ങൾ സൗജന്യമായി സർവീസ് സ്റ്റേഷനുകളിലേക്കു കൊണ്ടുപോവുകയും തിരികെ എത്തിക്കുകയും ചെയ്യൽ തുടങ്ങിയവ കംപ്ലീറ്റ് കെയർ പദ്ധതിയിൽ ഉൾപ്പെടുന്നു. രാജ്യമൊട്ടാകെ കമ്പനിക്ക് 235 ഓതറൈസ്ഡ് ഷോറൂമും 257 സർവീസ് സ്റ്റേഷനുമുണ്ട്.