ബോൾഗാട്ടി ലുലു കൺവെൻഷൻ സെന്ററിനെതിരെയുള്ള റിട്ട് ഹൈക്കോടതി തള്ളി

Posted on: December 26, 2015

Lulu-Convention-And-Exhibit

കൊച്ചി : ബോൾഗാട്ടിയിലെ ലുലു കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിനെതിരെ കെ. എം. പ്രസാദ്, എൻ. രാമചന്ദ്രൻ എന്നിവർ സമർപ്പിച്ച റിട്ട് ഹർജികൾ ഹൈക്കോടതി തള്ളി. ലുലു കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് പാട്ടത്തിന് നൽകിയ ഭൂമിയിൽ കൊച്ചിൻ പോർട്ടിന് ഉടമസ്ഥാവകാശം ഇല്ലെന്നും, കേരള സർക്കാരിനാണ് ഈ ഭൂമിയിൽ ഉടമസ്ഥാവകാശമെന്നും, നിയമവിരുദ്ധമായാണ് കൊച്ചിൻ പോർട്ട് ഭൂമി നികത്തിയതെന്നും, കെട്ടിടം പണിയാൻ ഗവൺമെന്റ് നൽകിയ അനുവാദം നിയമവിരുദ്ധമാണെന്നും തുടങ്ങിയ നിരവധി വാദങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ആദ്യം കെ.എം. പ്രസാദ് wp(c) 26435/2013 നമ്പറായും തുടർന്ന് എൻ. രാമചന്രൻ wp(c) 31081/13 നമ്പറായും റിട്ട് പെറ്റീഷൻ സമർപ്പിക്കുകയായിരുന്നു.

പരാതിക്കാർ റിട്ട് പെറ്റീഷനിൽ ഉന്നയിച്ച വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും മേജർ പോർട്ട് ട്രസ്റ്റ് ആക്ട് അനുസരിച്ഛ് പോർട്ടിന് കീഴിലുള്ള സ്ഥലം നികത്തുന്നതിന് പോർട്ടിന് അവകാശമുണ്ടെന്നും, അതിൽ നിയമ വിരുദ്ധമായി ഒന്നുമില്ലെന്നും ജസ്റ്റീസ് ആന്റണി ഡൊമനിക്, ജസ്റ്റീസ് ആശ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പോർട്ട് പാട്ടത്തിന് നൽകിയ സ്ഥലത്ത് ലുലു ഗ്രൂപ്പ് നടത്തുന്ന നിർമ്മാണം തികച്ചും നിയമ പ്രകാരമാണെന്നും, പരാതിക്കാരുടെ വാദങ്ങളിൽ കഴമ്പില്ലെന്നും കോടതി കണ്ടെത്തി.

പാട്ടഭൂമിയിൽ നിർമ്മാണം നടത്തുന്നതിന് ലുലുവിന് പൂർണ്ണ സ്വാതന്ത്ര്യവും അധികാരവും ഉണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. ഗവൺമെന്റ് നിർമ്മാണം നടത്തുന്നതിന് നൽകിയ ഉത്തരവ് നിലനിൽക്കുന്നതാണെന്നും, അതിൽ യാതൊരുവിധ അപാകതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹൈക്കോടതിയുടെ ഉത്തരവ് ബോൾഗാട്ടിയിലെ നിർമ്മാണത്തിനെതിരെ നിഴൽയുദ്ധം നടത്തുന്നവർക്ക് ശക്തമായ താക്കീതാണെന്ന് നിയമ വിദഗ്ധർ വിലയിരുത്തി. ലുലു ഗ്രൂപ്പിനു വേണ്ടി സീനിയർ അഭിഭാഷകൻ കെ. രാംകുമാർ, അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ, അഡ്വ. സി.എസ്. അബ്ദുൾ സമദ്, അഡ്വ. ടി.യു. സിയാദ് എന്നിവർ ഹാജരായി.