ഫ്രാഗ്രന്റ് നേച്ചർ ഫോർട്ട് കൊച്ചി, മൂന്നാർ ഹോട്ടലുകളുടെ ഉദ്ഘാടനം ഇന്ന്

Posted on: October 24, 2015

Fragrant-Nature-Hotels-Pres

കൊച്ചി : കൊല്ലത്തെ കായലോര ആഡംബരഹോട്ടലിനു പിന്നാലെ അരോമ ഗ്രൂപ്പിന്റെ ഭാഗമായ ഫ്രാഗ്രന്റ് നേച്ചർ ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് കൊച്ചിയിലും മൂന്നാറിലും പ്രീമിയം ലക്ഷ്വറി ഹോട്ടലുകൾ ആരംഭിക്കുന്നു. 250 കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച രണ്ട് ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ ഉദ്ഘാടനം ഒക്ടോബർ 24 ശനിയാഴ്ച വൈകുന്നേരം 5.30 ന് ഫോർട്ട് കൊച്ചിയിൽ നടക്കും. ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മർത്തോമാ വലിയ മെത്രാപ്പോലീത്ത ഫ്രാഗ്രന്റ് നേച്ചർ കൊച്ചിയുടെയും സൂപ്പർസ്റ്റാർ മോഹൻലാൽ ഫ്രാഗ്രന്റ് നേച്ചർ മൂന്നാറിന്റെയും ഉദ്ഘാടനം നിർവഹിക്കും.

കൊല്ലത്തെ കായലോരത്ത് 2008 ൽ ഫോർസ്റ്റാർ ഹോട്ടൽ നിർമ്മിച്ചുകൊണ്ടാണ് അരോമ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി രംഗത്ത് ചുവടുറപ്പിച്ചതെന്ന് അരോമ ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സജീവ് പി. കെ. പറഞ്ഞു. നൂറുകോടി രൂപ മുതൽ മുടക്കിൽ ആലപ്പുഴ മാരാരിക്കുളത്ത് നാലാമത്തെ ഹോട്ടൽ സ്ഥാപിക്കും. കൊല്ലത്ത് ഒരു ആയുർവേദ വില്ലേജ് സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു പതിറ്റാണ്ടുകൾക്കു മുൻപ് ദുബായിൽ പ്രവർത്തനമാരംഭിച്ച അരോമ ഗ്രൂപ്പിന് ഇന്ത്യയിലും യൂറോപ്പിലും ശക്തമായ സാന്നിധ്യമുണ്ട്. കേരളത്തിൽ ഇതാദ്യമായാണ് വ്യത്യസ്ത കേന്ദ്രങ്ങളിൽ രണ്ടു ഫൈവ്സ്റ്റാർ ഹോട്ടലുകൾ ഒരുമിച്ച് ഉദ്ഘാടനം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാരാരിക്കുളത്തെ പദ്ധതി 2016 ൽ പൂർത്തിയാകുന്നതോടെ ഫ്രാഗ്രന്റ് നേച്ചറിന്റെ ശ്യംഖല ഇന്ത്യയിൽ മറ്റു സ്ഥലങ്ങളിലേക്കും വിദേശത്തേയ്ക്കും വ്യാപിപ്പിക്കുമെന്ന് അരോമ ഗ്രൂപ്പ് എംഡി ആൻ സജീവ് പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും പരിപൂർണമായി പാലിച്ചാണ് ഹോട്ടലുകൾ നിർമ്മിക്കുന്നത്. വ്യത്യസ്തത തേടുന്ന വിനോദസഞ്ചാരികൾക്ക് പ്രാദേശിക തനിമയുള്ള അനുഭവങ്ങൾ ഒരുക്കും. പ്രകൃതി സൗഹൃദമായ രൂപകൽപ്പനയും ഹരിതാഭമായ അകത്തളങ്ങളുമാണ് ഫ്രാഗ്രന്റ് നേച്ചർ ഹോട്ടലുകളുടെ പ്രത്യേകതയെന്നും അവർ വ്യക്തമാക്കി.

യോഗയ്ക്കും ആയുർവേദത്തിനും പ്രാധാന്യം നൽകുന്ന അന്താരാഷ്ട്ര വിപണികളിൽ കൊല്ലത്തെ ഫ്രാഗ്രന്റ് നേച്ചർ ഇതിനോടകം പ്രശസ്തിയാർജ്ജിച്ചു കഴിഞ്ഞെന്ന് അരോമ ഗ്രൂപ്പ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ സന്തോഷ് ഇട്ടിച്ചെറിയ പറഞ്ഞു. സഞ്ചാരികൾക്ക് ഏറ്റവും ഉത്കൃഷ്ടമായ അനുഭവങ്ങൾ സമ്മാനിക്കുന്നതിന് പ്രാധാന്യം നൽകി ആഗോള ടൂറിസം വിപണിയിലെ പ്രവണതകൾ മാറുമ്പോൾ അരോമ ഗ്രൂപ്പും അതിനനുസരിച്ച് സംരംഭങ്ങൾ ആരംഭിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിലൂടെയും അന്താരാഷ്ട്ര പങ്കാളികളുടെ സഹകരണത്തോടെയും അരോമ ഗ്രൂപ്പ് ലോകമെമ്പാടുമെത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊളോണിയൽ ശൈലിയിൽ ഫോർട്ട് കൊച്ചിയിൽ നിർമ്മിച്ചിരിക്കുന്ന ഹോട്ടലിൽ അറബിക്കടലിന്റെ സൗന്ദര്യം നുകരാവുന്ന തരത്തിലുള്ള മുറികളുൾപ്പെടെ 41 മുറികളുണ്ട്. ഈസ്റ്റ് ഇന്ത്യ കമ്പനി ഒാഫീസുകൾ സ്ഥാപിച്ചിരുന്ന അതേ പ്രദേശത്ത് നിർമിച്ചിട്ടുള്ള ഹോട്ടലിലെ ലോബിയിൽ ഇംഗ്ലണ്ടിലെ പ്രശസ്തരായ രണ്ട് കലാകാരൻമാർ ദൃശ്യവിസ്മയം സൃഷ്ടിക്കുന്ന ട്രോംപ്‌ലോയ് ചിത്രങ്ങൾ തയാറാക്കിയിട്ടുണ്ട്. ചിത്രങ്ങളിലൂടെ ഫോർട്ട് കൊച്ചിയുടെ സാമൂഹികവും സാംസ്‌കാരികവുമായ സ്വഭാവത്തെയും ചുറ്റുപാടുകളെയുമാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.

ജൈവകൃഷിയിടങ്ങളിലെ ഉത്പന്നങ്ങളാണ് പാചകത്തിന് ഉപയോഗിക്കുന്നതെന്ന പ്രത്യേകത ഈ ഹോട്ടലുകൾക്കുണ്ട്. വിദഗ്ദ്ധ പരിശീലനം നേടിയ ജീവനക്കാരെയാണ് ഹോട്ടലുകളിൽ നിയോഗിച്ചിട്ടുള്ളതെന്ന് അരോമ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മേധാവി റോമിയോ ജസ്റ്റിൻ പറഞ്ഞു. പ്രീമിയം സ്പാ, രണ്ട് ഭക്ഷണ ശാല, കോഫി ഷോപ്പ്, ഏറ്റവും മുകളിലത്തെ നിലയിലെ സ്വിമ്മിംഗ് പൂളും ഉൾപ്പെടുന്നതാണ് ഫോർട്ട് കൊച്ചിയിലെ ഹോട്ടൽ.

സഞ്ചാരികളുടെ ആകർഷണകേന്ദ്രമായ പോതമേട്ടിലാണ് മൂന്നാറിലെ ഹോട്ടൽ നിർമ്മിച്ചിട്ടുള്ളത്. മൂന്നാറിലെ പഴയ എസ്റ്റേറ്റ് ബംഗ്ലാവുകളുടെ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഹോട്ടലിലെ 43 മുറികളും പ്രകൃതിഭംഗി സമ്മാനിക്കുന്നവയാണ്. നാലു വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന മുറികളിലെല്ലാം തന്നെ തീകായുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹോട്ടലിലെ താമസമെന്നതിലുപരി അപൂർവ്വമായ അനുഭവങ്ങൾ സഞ്ചാരികൾക്കു സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദഗ്ധരുടെ സംഘം ഹോട്ടൽ മുറികൾ തയ്യാറാക്കിയിരിക്കുന്നത്.

കോഫീ ഷോപ്, ആംഫി തിയേറ്റർ തുടങ്ങിയ സൗകര്യങ്ങളോടൊപ്പം ഒരു ആയുർവേദ സ്പായും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന ഓൾ ഡേ ഡൈനിംഗ് റസ്‌റ്റോറന്റിൽ ഗ്രിൽഡ് വിഭവങ്ങളുടെ പ്രത്യേക ശ്രേണിയുമുണ്ടാകുമെന്നും റോമിയോ ജസ്റ്റിൻ പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങിൽ ഫോർട്ട് കൊച്ചി ഫ്രാഗ്രന്റ് നേച്ചർ ഹോട്ടലിൽ ഒരുക്കിയിട്ടുള്ള പെയിന്റിംഗുകൾ കൊച്ചി ബിനാലെ ഫൗണ്ടേഷൻ സെക്രട്ടറി റിയാസ് കോമു അനാഛാദനം ചെയ്യും. മേയർ ടോണി ചമ്മണി, പ്രഫ കെ വി തോമസ് എം പി, ഡൊമിനിക് പ്രസന്റേഷൻ എം എൽ എ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കാനം രാജേന്ദ്രൻ, പി രാജീവ്, എം എം ഹസൻ, എ എൻ രാധാകൃഷ്ണൻ, പന്തളം സുധാകരൻ, കേരള ടൂറിസം ഡയറക്ടർ ഷേക്ക് പരീത് തുടങ്ങിയവർ പങ്കെടുക്കും.