ഡോ. അബി ഫിലിപ്പ്‌സിന് അന്താരാഷ്ട്ര പുരസ്‌കാരം

Posted on: November 12, 2017

കൊച്ചി : ഡോ. അബി ഫിലിപ്പ്‌സിന് ലോക പ്രശസ്ത കരൾ രോഗ പഠന കേന്ദ്രമായ അമേരിക്കൻ അസോസിയേഷൻ ഫോർ ദ സ്റ്റഡി ഓഫ് ലിവർ ഡിസീസിന്റെ ഈ വർഷത്തെ യംഗ് ഇൻവെസ്റ്റിഗേറ്റർ അവാർഡ്. മൂന്ന് തവണ തുടർച്ചയായി ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ വ്യക്തിയാണ് ഡോ. അബി ഫിലിപ്പ്‌സ്. ഡോ. അബി ഫിലിപ്പ്‌സ് കൊച്ചിൻ ഗാസ്‌ട്രോ എന്ററോളജി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ എറണാകുളം മെഡിക്കൽ സെന്ററിൽ പ്രവർത്തിച്ചു വരുന്ന കരൾ രോഗ വിഭാഗത്തിന്റെ തലവനാണ്. ഒക്ടോബർ 23 ന് വാഷിംഗ്ടൺ ഡിസിയിൽ നടന്ന എഎഎസ്എൽഡിയുടെ വാർഷിക സമ്മേളനത്തിൽ അദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചു.

കേരളത്തിൽ തുടർച്ചയായ പച്ചമരുന്നുകളുടേയും നാട്ടുമരുന്നുകളുടേയും ഉപയോഗം മൂലം കരളിന് സംഭവിക്കാവുന്ന രോഗങ്ങളെ കുറിച്ചുളള പഠനം നടത്തിയതിനാണ് ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കരൾ വീക്കത്തിനോടനുബന്ധിച്ചുണ്ടാകുന്ന സങ്കീർണമായ അണുബാധയെ പ്രതിരോധിക്കുവാൻ വളരെ ലളിതവും കാര്യക്ഷമവുമായ ചികിത്‌സാ രീതിക്ക് 2015 ലും എഎഎസ്എൽഡി യുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

അമിത മദ്യപാനം മൂലം കരളിന് സംഭവിക്കുന്ന രോഗത്തെ സ്റ്റൂൾ ട്രാൻസ്പ്ലാന്റ് എന്ന നവീന ചികിത്‌സാരീതിയിലൂടെ കുറഞ്ഞ ചിലവിൽ കൂടുതൽ ഫലപ്രദമായി നടത്താവുന്ന ചികിത്‌സാരീതി കണ്ടുപിടിച്ചതിനാണ് 2016 ൽ ഈ പുരസ്‌കാരത്തിന് അദേഹം അർഹനായത്.

തന്റെ എല്ലാ പ്രധാന ഗവേഷണ പ്രബന്ധങ്ങളും എഎഎസ്എൽഡി യുടെ വാർഷിക പൂർണസമ്മേളനത്തിൽ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിട്ടുള്ള ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ കരൾ രോഗ വിദഗ്ധൻ കൂടിയാണ് ഡോ. അബി ഫിലിപ്പ്‌സ്. ഒരു ക്ലിനിക്കൽ സയന്റിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ ശ്രേഷ്ഠമായ ഒരു അംഗീകാരമാണ്.

ഹെൽത്ത് കെയർ കൺസൾട്ടിംഗ് സ്ഥാപനമായ ഫിലിപ്പ് അഗസ്റ്റിൻ അസോസിയേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും പ്രശസ്ത ഉദരരോഗ വിദഗ്ധനുമായ ഡോ. ഫിലിപ്പ് അഗസ്റ്റിന്റെ മകനാണ് ഡോ. അബി ഫിലിപ്പ്‌സ്.