ശ്രീവെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ കെയറിന് തുടക്കമായി

Posted on: September 7, 2018

കൊച്ചി : തിരുമല തിരുപ്പതി ദേവസ്ഥാനവും ടാറ്റാ ട്രസ്റ്റും ചേർന്ന് പുതിയതായി തിരുപ്പതിയിൽ നിർമ്മിക്കുന്ന ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ കെയർ ആൻഡ് അഡ്വാൻസ്ഡ് റിസർച്ചിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 300 ബെഡുകളുള്ള ആശുപത്രി പ്രവർത്തനം 2019 ൽ തുറക്കും.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ടാറ്റാ ട്രസ്റ്റിന്റെ ചെയർമാൻ രത്തൻ എൻ. ടാറ്റാ, ട്രസ്റ്റി ആർകെ. കൃഷ്ണകുമാർ, മാനേജിംഗ് ട്രസ്റ്റി ആർ വെങ്കിട്ടരമണൻ, തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസർ അനിൽകുമാർ സിംഗാൾ, കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഡോ. പി. നാരായണമൂർത്തി തുടങ്ങിയവർ സ്ഥലമൊരുക്കൽ ചടങ്ങിൽ പങ്കെടുത്തു.

കുറഞ്ഞ ചെലവിൽ ഉയർന്ന ഗുണമേന്മയുള്ള ചികിത്സയും അർബുദം കണ്ടെത്തുന്നതിനുള്ള പരിശോധനകൾക്കുമായി കഴിഞ്ഞ വർഷം തിരുപ്പതി ദേവസ്ഥാനവുമായി ഒപ്പുവച്ച കരാർ അനുസരിച്ച് ടാറ്റാ ട്രസ്റ്റ് അലമേലു ചാരിറ്റബിൾ ഫൗണ്ടേഷൻ രൂപീകരിച്ചാണ് പുതിയ ആശുപത്രി നിർമ്മിക്കുക. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും റേഡിയേഷൻ ചികിത്സയ്ക്കായി റഫർ ചെയ്യപ്പെടുന്ന രോഗികൾക്ക്  ഇവിടെ ചികിത്സ ലഭ്യമാക്കും. രോഗികൾക്കും സഹായികൾക്കും കുറഞ്ഞ ചെലവിൽ താമസിക്കുന്നതിന് ഡോർമറ്ററി സൗകര്യം ഉണ്ടായിരിക്കും.

രാജ്യത്തെ അർബുദ ചികിത്സയ്ക്ക് പിന്തുണ നല്കാൻ ടാറ്റാ ട്രസ്റ്റ് പ്രതിജ്ഞാബദ്ധമാണെന്ന് രത്തൻ എൻ. ടാറ്റാ പറഞ്ഞു. അർബുദ ചികിത്സാസൗകര്യം മെച്ചപ്പെടുത്തുന്നതിനും രോഗത്തെ അതിജീവിക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ഈ രോഗത്തിന് പ്രതിവിധി കണ്ടെത്തുന്നതിനുമാണ് പരിശ്രമിക്കുന്നത്. ഈ പ്രദേശത്തെ അർബുദ രോഗികൾക്കായി ലോകോത്തര ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിന് തിരുമല തിരുപ്പതി ദേവസ്ഥാനവുമായി പങ്കാളിയാകുന്നതിൽ സന്തോഷമുണ്ടെന്ന് അദേഹം പറഞ്ഞു.