ഗോദ്‌റെജ് എയറോസ്‌പേസ് സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിച്ചു

Posted on: March 21, 2018

കൊച്ചി : ഗോദ്‌റെജ് എയറോസ്‌പേസിന്റെ നേതൃത്വത്തിലുള്ള സെന്റർ ഓഫ് എക്‌സലൻസ് മുംബൈയിൽ പ്രവർത്തനം തുടങ്ങി. എയറോ എൻജിൻ നിർമ്മാണ മേഖലയിൽ മുന്നേറ്റം കാഴ്ച വെക്കാനുള്ള ഗോദ്‌റെജിന്റെ നീക്കത്തിന്റെ ഭാഗമായാണ് സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിച്ചിരിക്കുന്നത്. ലോകോത്തര സൗകര്യങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.

സാങ്കേതിക വിദ്യ മേഖലയിലെ പ്രാവീണ്യം കണക്കിലെടുത്ത് റോൾസ് റോയ്‌സ്, ഗോദ്‌റെജുമായുള്ള സഹകരണം വിപുലീകരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2000 ദശലക്ഷം രൂപയുടെ കരാറാണ് അടുത്ത അഞ്ച് വർഷത്തേക്ക് നൽകിയിരിക്കുന്നത്. റോൾസ് റോയ്‌സിന്റെ സിവിൽ എയറോസ്‌പേസ് എൻജിനുകൾക്കാവശ്യമുള്ള ഘടകങ്ങളാണ് ഗോദ്‌റെജ് നിർമ്മിക്കുക. യുനിസൺ റിംഗ്‌സ്, കോംപ്ലെക്‌സ് ഫാബ്രിക്കേഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്തെ ഏറ്റവും മികച്ച എയറോസ്‌പേസ് സൗകര്യങ്ങളോട് കൂടിയതാണ് മുംബൈയിലെ സെന്റർ ഓഫ് എക്‌സലൻസ്. 500 ദശലക്ഷം രൂപയാണ് ഇതിനായി ഗോദ്‌റെജ് മുതൽമുടക്കിയിട്ടുള്ളത്. രാജ്യത്തെ എയറോസ്‌പേസ് മേഖലയിൽ മികച്ച സംഭാവനകൾ നൽകാൻ പ്രാപ്തിയുള്ളതാണ് പുതിയ സെന്റർ ഓഫ് എക്‌സലൻസ് എന്ന് ഗോദ്‌റെജ് & ബോയ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജംഷിദ് ഗോദ്‌റെജ് പറഞ്ഞു. റോൾസ് റോയ്‌സുമായുള്ള സഹകരണം കൂടുതൽ ദൃഢമാക്കാൻ സാധിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് എയ്‌റോസ്‌പേസ് വ്യവസായം വളർത്തിയെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഗോദ്‌റെജുമായുള്ള സഹകരണത്തിലൂടെ പ്രകടമാകുന്നതെന്ന് റോൾസ് റോയ്‌സ് ഇന്ത്യ ദക്ഷിണേഷ്യ പ്രസിഡണ്ട് കിഷോർ ജയരാമൻ പറഞ്ഞു. ഈ കരാറിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് കൂടുതൽ വേഗത്തിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.