കേരള ട്രാവൽമാർട്ട് ഉദ്ഘാടനം ഇന്ന്

Posted on: September 27, 2016

kerala-travel-mart-2016-big

കൊച്ചി : കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽമാർട്ട്  (കെടിഎം)  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ വൈകുന്നേരം അഞ്ചിനാണ് ഉദ്ഘാടന ചടങ്ങ്. സെപ്റ്റംബർ 28 മുതലാണ് കെടിഎമ്മിലെ ബിസിനസ്മീറ്റുകൾ നടക്കുന്നത്.

സംസ്ഥാന ടൂറിസം മന്ത്രി എ സിമൊയ്തീൻ, പ്രഫ. കെ.വി. തോമസ് എം പി, കേന്ദ്ര ടൂറിസം സെക്രട്ടറി വിനോദ് സൂട്ചി, ജോയിന്റ് സെക്രട്ടറി സുമൻ ബില്ല, എംഎൽഎമാരായ പി ടി തോമസ്, ഹൈബി ഈഡൻ, എം സ്വരാജ്, കെ ജെ മാക്‌സി ,കൊച്ചി മേയർ സൗമിനി ജെയിൻ, മരട് നഗരസഭാ അദ്ധ്യക്ഷ ദിവ്യ അനിൽകുമാർ, കെ ടി ഡി സി ചെയർമാൻ  എം വിജയകുമാർ, കേരളടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, കേരള ടൂറിസം ഡയറക്ടർ യു വി ജോസ്, ജില്ലാ കളക്ടർ കെ മുഹമ്മദ് വൈ സഫറുള്ള, കെടിഎം പ്രസിഡന്റ് അബ്രഹാം ജോർജ്ജ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

വെല്ലിംഗ്ടൺ ഐലൻഡിലെ സമുദ്രിക, സാഗര കൺവെൻഷൻ സെന്ററുകളിൽ സെപ്റ്റംബർ 30 വരെയാണ്ടൂറിസം മേള. അവസാന ദിനമായ 30 ന് പൊതുജനങ്ങൾക്ക് ട്രാവൽ മാർട്ട് കാണാൻ അവസരമുണ്ട്. 57 വിദേശരാജ്യങ്ങളിൽ നിന്ന് കേരള ട്രാവൽമാർട്ടിൽ പങ്കാളിത്തമുണ്ടാകും. അതിൽ പത്ത് രാജ്യങ്ങൾ ആദ്യമായാണ് കെടിഎമ്മിനെത്തുന്നത്.

ഉത്തരവാദിത്ത ടൂറിസം, മുസിരിസ് ആൻഡ് സ്‌പൈസ്‌റൂട്ട് എന്നിവയാണ് ഇത്തവണത്തെ ട്രാവൽമാർട്ടിന്റെ പ്രമേയങ്ങൾ. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ ട്രാവൽമാർട്ടിൽ പങ്കെടുക്കും. വിദേശരാജ്യങ്ങളിൽ നിന്നായി 560 പ്രതിനിധികൾ ട്രാവൽമാർട്ടിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ നിന്നും 1304 പ്രതിനിധികളാണ് രജിസ്റ്റർചെയ്തിട്ടുള്ളത്.