ഇ. പി ജയരാജന്‍ വീണ്ടും വ്യവസായ മന്ത്രി

Posted on: August 11, 2018

തിരുവനന്തപുരം : ഇ.പി ജയരാജന്‍ വ്യവസായ മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നേരത്തെ വഹിച്ചിരുന്ന വ്യവസായവും കായികക്ഷേമവും തന്നെ ജയരാജനു ലഭിക്കും. ഈ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന സംസ്ഥാന കമ്മിറ്റി അംഗം എ.സി മൊയ്തീനാണു പുതിയ തദ്ദേശഭരണ മന്ത്രി. അതോടെ കെ.ടി. ജലീലിന് ഈ പ്രധാന വകുപ്പു നഷ്ടമായി. സി.രവീന്ദ്രനാഥിന്റെ വിദ്യാഭ്യാസ വകുപ്പു വിഭജിച്ച് ഉന്നതവിദ്യാഭ്യാസം ജലീലിനു നല്‍കി. രവീന്ദ്രനാഥിനു ഇനി പൊതുവിദ്യാഭ്യാസം മാത്രം. നിലവില്‍ വഹിച്ചിരുന്ന ന്യൂനപക്ഷം,ഹജ് എന്നിവയുടെ ചുമതലയിലും ജലീല്‍ തുടരും. ജയരാജനെ തിരിച്ചെടുക്കുന്നതോടെ പിണറായി മന്ത്രിസഭയുടെ അംഗസഖ്യ 19 ല്‍ നിന്ന് 20 ആയി.

ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് 2016 ഒക്‌ടോബറില്‍ മന്ത്രിസഭയില്‍ നിന്നു പുറത്തായ ജയരാജന്‍ കേസില്‍ കുറ്റവിമുക്തനായ സാഹചര്യത്തില്‍ കൂടിയാണു തിരിച്ചു വരുന്നത്. ജയരാജന്‍ വരുന്നതോടെ സി പി എം മന്ത്രിമാരുടെ എണ്ണം 13 ആകും. സി പി എമ്മിന് ഒരു മന്ത്രി കൂടുന്ന സാഹചര്യത്തില്‍ സി പി ഐയ്ക്കു കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി ലഭിക്കും.

TAGS: E.P Jayarajan |