മധ്യപ്രദേശിലെ ശങ്കരാചാര്യരുടെ പ്രതിമ ; ജന്മദേശത്തു നിന്ന് മണ്ണും ലോഹവും ശേഖരിച്ചു

Posted on: December 31, 2017

കൊച്ചി : നാലു ദിശകളിൽ നിന്നും ഭാരതത്തെ സാസ്‌കാരികമായി യോജിപ്പിച്ച മഹാത്മാവാണ് ശ്രീ ശങ്കരാചാര്യരെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ശങ്കരാചാര്യരുടെ ചിന്തകളിൽ ലോകത്തെ എല്ലാ സംസ്‌കാരവും നിഴലിക്കുന്നു. ലോകത്തെ സംബന്ധിച്ച എല്ലാ ദർശനങ്ങളുടെയും ഉത്തരം അദേഹത്തിന്റെ ചിന്തയിലുണ്ട്. എല്ലാവരെയും ഒരു കുടുംബമായി കാണുന്നതാണ് ആചാര്യരുടെ ദർശനമെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. സാർവലൗകിക ഐക്യത്തെയും ദാർശിനിക ചിന്തയെയും എല്ലാ ഇടുങ്ങിയ ചിന്താഗതികൾക്കും ഉപരിയായിതീരാൻ ആദിശങ്കരാചാര്യരുടെ തത്വചിന്ത പ്രചോദിപ്പിക്കുന്നു. മികച്ച വ്യക്തികളെയും, സമൂഹത്തെയും, രാഷ്ട്രത്തെയും, ലോകത്തെയും രൂപീകരിക്കാൻ ഇത് സഹായിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

ശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ മധ്യപ്രദേശിലെ നർമദ തീരത്തുള്ള ഓംകാരേശ്വരത്ത് സ്ഥാപിക്കുന്നതിന് മുന്നോടിയായി ശങ്കരാചാര്യരുടെ ജന്മദേശമായ കാലടിയിൽ നിന്ന് ലോഹവും മണ്ണും ശേഖരിക്കുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം. കാലടി ശൃംഗേരി മഠത്തിൽ സന്നിഹിതരായിരുന്ന വിവിധ മഠാധിപതികളിൽ നിന്നും അദ്ദേഹം മണ്ണും ലോഹവും ഏറ്റുവാങ്ങി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, പി ഇ ബി മേനോൻ തുടങ്ങിയവരും പങ്കെടുത്തു. പ്രതിമയുടെ ശിലാസ്ഥാപനം 2018 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. ഇതിനു മുന്നോടിയായി ഇന്ത്യയിലുടനീളം സകല ജീവനുകളുടെയും നൈസർഗികമായ ഐക്യത്തിന്റെ ആഘോഷം വിളംബരം ചെയ്യുന്നതിനായി ഏകാത്മ യാത്ര സംഘടിപ്പിച്ചിട്ടുണ്ട്.

ശങ്കരാചാര്യരുടെ ജന്മഗൃഹമായ ആരക്കുന്നം വെളിയനാട്ടെ ആദിശങ്കര നിലയത്തിൽ ചിന്മയ മിഷനുമായി ചേർന്ന് ശ്രീശങ്കരാചാര്യരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന മൊബൈൽ മ്യൂസിയം ആദിശങ്കര സന്ദേശവാഹിനി’ ശിവരാജ് സിംഗ് ചൗഹാൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ശങ്കരാചാര്യരുടെ അദ്വൈത സന്ദേശം പ്രചരിപ്പിക്കുന്ന ഏകാത്മ യാത്ര കാലടി, ഉടുപ്പി, ധർമസ്ഥല, ശൃംഗേരി എന്നിവിടങ്ങളിലൂടെയാവും പര്യടനം നടത്തുക. പ്രതിമ നിർമ്മാണ യജ്ഞം ഡിസംബർ 19-നാണ് ആരംഭിച്ചത്. മധ്യപ്രദേശിലെ എല്ലാ പാഞ്ചായത്തിൽ നിന്നും കൊണ്ടുവരുന്ന മണ്ണും ലോഹവും അതത് ജില്ലാ ആസ്ഥാനത്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നേരിട്ട് ഏറ്റുവാങ്ങി നർമദ തീരത്തുള്ള ഓംകാരേശ്വരത്ത് 2018 ജനുവരി 22 ന് മുമ്പ് എത്തിക്കും.