അമിതവണ്ണം വൃക്കകൾക്ക് ദോഷകരം

Posted on: March 10, 2017

ആരോഗ്യകരമായ ജീവിതശൈലി ആരോഗ്യകരമായ വൃക്കകൾക്ക് എന്നതാണ് ഈ വർഷത്തെ ലോക വൃക്കദിനം സന്ദേശം. പ്രമേഹം, അമിതരക്തസമ്മർദം എന്നിവയാണ് വൃക്കകളെ തകരാറിലാക്കുന്ന പ്രധാന രോഗങ്ങൾ. വൃക്കകളുടെ പ്രവർത്തനത്തിൽ അധികമായ സമ്മർദമുണ്ടാക്കുകയാണ് പ്രമേഹവും അമിതരക്തസമ്മർദവും. ഇതുവഴി വൃക്കരോഗങ്ങളുണ്ടാകുന്നു. പ്രമേഹം ഡയബറ്റിക് നെഫ്രോപ്പതിയിലേയ്ക്കും ഗുരുതരമായ രക്തസമ്മർദം വൃക്കകൾക്ക് കേടുപാടുകൾ വരുത്തി ഹൈപ്പർടെൻസീവ് നെഫ്രോപ്പതിയിലേയ്ക്കും നയിക്കുന്നു. ഉപാപചയപ്രവർത്തനങ്ങളിലെ തകരാറുകൾ, ഉറക്കമില്ലായ്മ എന്നിവയാണ് വൃക്കകൾക്ക് കേടുവരുന്നതിനുള്ള ചില കാരണങ്ങൾ. മേൽപ്പറഞ്ഞ ജീവിതശൈലിരോഗങ്ങളുണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് അമിതവണ്ണമാണ്.

വൃക്കകളിലെ ഹീമോഡൈനാമിക് മാറ്റങ്ങൾ അഥവാ വൃക്കകളിലെ രക്തത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ടാണ് അമിതവണ്ണമുണ്ടാകുന്നത്. ഈ മാറ്റങ്ങൾ വൃക്കയിലെ അരിപ്പകളിൽ അത്യധികമായ രക്തസമ്മർദമുണ്ടാക്കുന്നു. ഗ്ലോമെറുലാർ ഹൈപ്പർടെൻഷൻ എന്നാണ് ഇതിന്റെ പേര്.

അധിക വണ്ണമുള്ളവർക്ക് സന്ധികളിൽ നൊമ്പരവും വേദനയുമുണ്ടാകും. അമിതമായി വേദനസംഹാരികൾ കഴിക്കുമ്പോൾ അത് വൃക്കരോഗങ്ങൾ ഉണ്ടാകാനുള്ള കാരണമായി മാറാം. വിവേചനമില്ലാതെ വേദനാസംഹാരികളായ എൻഎസ്എഐഡിളായ ഐബുപ്രൂഫൻ, നാപ്രോക്‌സൻ, ഉയർന്ന തോതിലുള്ള ആസ്പിരിൻ എന്നിവ ദീർഘനാൾ കഴിച്ചാൽ അത് വൃക്കകൾക്ക് തകരാറുണ്ടാക്കും. വൃക്കകളിലേയ്ക്കുള്ള രക്തത്തിന്റെ ഒഴുക്ക് കുറയ്ക്കുകയും അത് സ്ഥിരമായ കേടുപാടുകൾക്ക് കാരണമാവുകയും ചെയ്യും. അമിതവണ്ണമുള്ളവർ തടി കുറയ്ക്കാനായി കടയിൽനിന്ന് നേരിട്ട് വാങ്ങാൻ കഴിയുന്ന ആയുർവേദ മരുന്നുകൾ കഴിക്കാറുണ്ട്. ഡോക്ടർമാരുടെ ഉപദേശമില്ലാതെ ദീർഘനാളത്തേയ്ക്ക്  കഴിക്കുന്ന ആയുർവേദ മരുന്നുകൾ പോലും ചിലപ്പോൾ വൃക്കകളെ തകരാറിലാക്കാം.

വളരെ സാവധാനത്തിലും നിശബ്ദവുമായാണ് കിഡ്‌നിക്ക് തകരാറുകളുണ്ടാകുന്നത്. തുടക്കത്തിൽ പുറമെ കാണാനാവുന്ന ലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടാകില്ല. മറ്റ് പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ആയിരിക്കും ചിലപ്പോൾ ഉണ്ടാവുക. മനംപിരട്ടൽ, ഛർദ്ദി, വിശപ്പില്ലാതിരിക്കുക, ക്ഷീണം, തളർച്ച, ഉറക്കമില്ലായ്മ, മൂത്രത്തിന്റെ അളവിലെ വ്യത്യാസങ്ങൾ, പേശീവേദന, കാലുകളിലും സന്ധികളിലും നീര്, തുടർച്ചയായ ചൊറിച്ചിൽ തുടങ്ങിയവയായിരിക്കും ലക്ഷണങ്ങൾ. ഹൃദയത്തിന്റെ ആവരണത്തിന് ചുറ്റുമായി വെള്ളം കെട്ടിക്കിടക്കുന്നതുമൂലം നെഞ്ചുവേദനയുണ്ടാകുക, ശ്വാസകോശത്തിൽ വെള്ളം കെട്ടിനിൽക്കുന്നതുമൂലം ശ്വാസതടസമുണ്ടാവുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ ഉയർന്ന രക്തസമ്മർദമാണ് മറ്റൊരു ലക്ഷണം.

ഈ ലക്ഷണങ്ങളിൽ പലതും വൃക്കരോഗത്തിന്റേതു മാത്രമല്ലാത്തതിനാൽ കൃത്യമായ രോഗനിർണയം വലിയ വെല്ലുവിളിയാണ്. അമിതവണ്ണവും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുമുള്ളവർ കൃത്യമായ ഇടവേളകളിൽ വൃക്കരോഗങ്ങളുണ്ടോയെന്ന് പരിശോധിക്കണം. വൃക്കരോഗങ്ങൾ തുടക്കത്തിൽതന്നെ കണ്ടെത്താൻ ഇത് വളരെ അത്യാവശ്യമാണ്.

രക്തത്തിലെ സീറം ക്രിയാറ്റിന്റെ അളവ് അല്ലെങ്കിൽ മൂത്രത്തിലെ പ്രോട്ടീന്റെ അളവ് പരിശോധിക്കുകയാണ് ലളിതമായ പരിശോധന. ഇതുവഴി വൃക്കയുടെ പ്രവർത്തനം എങ്ങനെയുണ്ടെന്ന് അറിയുന്നതിനും വൃക്കരോഗങ്ങൾ നേരത്തെതന്നെ കണ്ടെത്തുന്നതിനും സാധിക്കും. പേശികളിൽനിന്നും നാം കഴിക്കുന്ന പ്രോട്ടീനുകൾ സാംശീകരിക്കുമ്പോൾ ഉണ്ടാകുന്ന അവക്ഷിപ്തമാണ് ക്രിയാറ്റിൻ. രക്തത്തിൽ ഉയർന്ന തോതിലുള്ള ക്രിയാറ്റിൻ ഉണ്ടെങ്കിൽ അത് വൃക്കയുടെ പ്രവർത്തനം കുറവാണെന്നത് സൂചിപ്പിക്കുന്നു. വൃക്കയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് രക്തത്തിൽ ഉയർന്ന തോതിൽ സീറം ക്രിയാറ്റിനും മൂത്രത്തിൽ അധിക അളവിൽ പ്രോട്ടീനും കാരണമാകും.

സാധാരണരീതിയിൽ വൃക്കരോഗങ്ങൾ അധികരിച്ചുകൊണ്ടിരിക്കും. വൃക്കകളുടെ തകരാറുകൾ സ്ഥിരമാണെന്നതും അത് പരിഹരിക്കാൻ കഴിയാത്തതാണെന്നതുമാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ വൃക്കരോഗങ്ങൾ തകരാറുകൾ ഉണ്ടാക്കുന്നതിനു മുമ്പുതന്നെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. മിക്കവാറും വൃക്കരോഗങ്ങൾക്ക് രോഗവിമുക്തിയില്ല എന്നാൽ രോഗം അധികരിക്കുന്നത് തടയാൻ സാധിക്കും. അതുവഴി കൂടുതൽ തകരാറുകൾ ഉണ്ടാകാതെ നോക്കാൻ സാധിക്കും.

അമിത തടിയുണ്ടായിരുന്നാൽ തടി കുറയ്ക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണം. ജീവിതശൈലീരോഗങ്ങൾ ഉണ്ടാകാനും അതുവഴി വൃക്കകളുടെ തകരാറുകൾ ഉണ്ടാകുന്നതിനുള്ള സാധ്യതയും കുറയ്ക്കണം. അമിത രക്തസമ്മർദ്ദം, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിനും ഗുരുതരമായ വൃക്കരോഗം അധികരിക്കുന്നത് തടയുന്നതിനും ഇതുവഴി കഴിയും.