വിജയത്തിന്റെ സുവർണവഴികളിൽ

Posted on: May 19, 2013

സ്വർണവ്യാപാരം, ട്രാവൽ ആൻഡ് ടൂറിസം രംഗങ്ങളിൽ തൊടുപുഴയിലെ കണ്ടിരിക്കൽ ഗ്രൂപ്പിനും ഗ്രൂപ്പിന്റെ അമരക്കാരൻ മാത്യു കണ്ടിരിക്കലിനും മുഖവുര വേണ്ട. സ്വർണവ്യാപാരരംഗത്ത് 66 വർഷത്തെ പാരമ്പര്യമാണ് കണ്ടിരിക്കൽ ജുവല്ലറിക്കുള്ളത്. ക്രൈസ്തവരുടെ പുണ്യഭൂമിയായ വിശുദ്ധനാടുകളിലേക്കുള്ള തീർത്ഥാടന യാത്രകൾ ദക്ഷിണേന്ത്യയിൽ ആദ്യമായി ആരംഭിച്ചത് മാത്യു കണ്ടിരിക്കലാണ്.

തൊടുപുഴയിൽ സ്വർണവ്യാപാരത്തിന് തുടക്കം കുറിച്ചത് തന്നെ കണ്ടിരിക്കൽ കുടുംബമായിരുന്നു. മാത്യുവിന്റെ യശശരീരനായ പിതാവ് കെ.എം. മത്തായി 1947-ൽ കണ്ടിരിക്കൽ ജുവല്ലറിക്ക് തുടക്കം കുറിച്ചു. . ജുവല്ലറി തുടക്കം കുറിച്ചതു മുതലുള്ള ഓരോ വർഷത്തെയും സ്വർണവില തൊടുപുഴ സിവിൽസ്റ്റേഷന് എതിർവശത്തുള്ള കണ്ടിരിക്കൽ ജുവല്ലറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

തലമുറകളുടെ ബന്ധമാണ് ഇടപാടുകാരുമായി കണ്ടിരിക്കൽ ജുവല്ലറിക്കുള്ളത്. നാൽപ്പത് വർഷം മുമ്പ് മാത്യുവിന്റെ പിതാവ് തുടക്കം കുറിച്ച ലഘുസ്വർണ സമ്പാദ്യപദ്ധതി ഇപ്പോഴും തുടർന്നുപോരുന്നു. പത്തുരൂപയായിരുന്നു ഏറ്റവും കുറഞ്ഞ പ്രതിമാസ തവണ. മക്കളുടെ വിവാഹാവശ്യങ്ങൾ കണക്കിലെടുത്ത് തവണകളായി പണമടച്ച് സ്വർണം വാങ്ങുന്ന സ്‌കീം കണ്ടിരിക്കൽ ജുവല്ലറിയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ സ്വർണവ്യാപാരികളുടെ സംഘടനയുടെ സ്ഥാപകനേതാവ് കൂടിയായിരുന്നു മൈലക്കൊമ്പ് കണ്ടിരിക്കൽ കെ.എം. മത്തായി. സംഘടനയുടെ ജില്ലാപ്രസിഡന്റായി ദീർഘകാലം അദ്ദേഹം പ്രവർത്തിച്ചു. നാല് പുത്രൻമാരും മൂന്നു പുത്രിമാരുമാണ് കെ.എം. മത്തായി-ഏലിക്കുട്ടി ദമ്പതികൾക്കുള്ളത്. മൂത്തപുത്രനായ മാത്യു കണ്ടിരിക്കൽ (തൊടുപുഴ), ബേബി (കോതമംഗലം), സണ്ണി (തൊടുപുഴ) സ്വർണവ്യാപാരരംഗത്തും സജ്ജീവമാണ്. ജയിംസ് തൊടുപുഴയിലെ കണ്ടിരിക്കൽ ടൈംഹൗസിനും നേതൃത്വം നൽകി വരുന്നു.
കോളജ് വിദ്യാഭ്യാസത്തിനു ശേഷം പിതാവിനെ സഹായിച്ചുകൊണ്ട് കുടുംബ ബിസിനസിലേക്ക് പ്രവേശിച്ച മാത്യു കണ്ടിരിക്കലും സ്വർണവ്യാപാരികളുടെ സംഘടനയുടെ മുൻനിരയിലുണ്ട്. ഇപ്പോൾ അദ്ദേഹം കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റും സംസ്ഥാനസെക്രട്ടറിയുമായി പ്രവർത്തിച്ചുവരുന്നു.

പിതാവിനൊപ്പം സ്വർണവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് മാത്യു കണ്ടിരിക്കൽ യാദൃശ്ചികമായി ഇസ്രായേൽ സന്ദർശിക്കാനിടയായി. 1994-ൽ ഏപ്രിലിൽ നടത്തിയ ആ വിദേശയാത്ര മാത്യുവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. മുംബൈയിൽ നിന്ന് നേരിട്ട് ഇസ്രായേലിൽ പോയി വിശുദ്ധസ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തുന്ന 34000 രൂപയുടെ പാക്കേജായിരുന്നു അത്. മാത്യു ഉൾപ്പടെ രണ്ട് മലയാളികളും 15 ഗോവക്കാരുമാണ് സംഘത്തിലുണ്ടായിരുന്നത്.

തിരികെവന്ന് വിശേഷങ്ങൾ സുഹൃത്തുക്കളുമായി പങ്കുവച്ചപ്പോൾ പലരും യാത്രയ്ക്ക് താത്പര്യം പ്രകടിപ്പിച്ചു. അങ്ങനെ ഇത്തരമൊരു യാത്ര സ്വന്തമായി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് മാത്യു കണ്ടിരിക്കൽ ആലോചന തുടങ്ങി.
മാത്യു മടങ്ങിയെത്തി ഒരു വർഷം തികയുംമുമ്പ് 1995 മാർച്ചിൽ 21 പേരുമായി മുംബൈ വഴി ടെൽഅവീവിലേക്ക് ആദ്യയാത്രസംഘടിപ്പിക്കാൻ സാധിച്ചു.

അന്ന് ഗ്രൂപ്പ് വിസ ഇല്ല. പോകുന്ന ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം വിസയ്ക്ക് അപേക്ഷനൽകണമായിരുന്നു. എയർടിക്കറ്റും താമസവും ഭക്ഷണവും മറ്റ് ഫീസുകളുമുൾപ്പടെ ഒരാൾക്ക് 32500 രൂപയായിരുന്നു അന്നത്തെ നിരക്ക്. അങ്ങനെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഹോളിലാൻഡ് ടൂർ ഓപറേറ്ററായി മാത്യു കണ്ടിരിക്കൽ മാറി.

ആദ്യയാത്രയിൽ പങ്കെടുത്തവർ പറഞ്ഞുകേട്ട് വീണ്ടും പലരും മാത്യുവിനെ സമീപിച്ചു. വീണ്ടും 1995 സെപ്റ്റംബറിൽ 40 പേരുള്ള ഒരു ഗ്രൂപ്പിനെ ഇസ്രയേലിലേക്ക് കൊണ്ടു പോകാൻ അദ്ദേഹത്തിന് സാധിച്ചു. അഞ്ച് ട്രിപ്പ് ആയപ്പോഴേക്കും കേരളത്തിൽ നിന്ന് വേറെ ടൂർ ഓപറേറ്റർമാർ രംഗപ്രവേശം ചെയ്തു. ഇതേകാലത്ത് എയർ ഇന്ത്യ, ഇസ്രായേലിന്റെ തലസ്ഥാനമായ ടെൽഅവീവിലേക്ക് സർവീസ് തുടങ്ങിയതും നേട്ടമായി. തിരുവനന്തപുരത്ത് നിന്ന് ബോംബെ വഴി ടെൽഅവീവിലേക്ക് സുഗമമായ കണക്ഷൻ സാധ്യമായി. പാക്കേജിന്റെ നിരക്ക് 32500-ൽ നിന്ന് 29000 രൂപയായി കുറയ്ക്കാൻ സാധിച്ചു.

ആദ്യയാത്ര സംഘടിപ്പിച്ചപ്പോൾ ഏർപ്പെടുത്തിയ ടൂർ ഓപറേറ്ററാണ് ഇപ്പോഴും ഇസ്രായേലിൽ കണ്ടിരിക്കൽ ട്രാവൽസിന്റെ യാത്രകൾ ക്രമീകരിക്കുന്നത്. 19 വർഷത്തെ ഊഷ്മള ബന്ധമാണ് അവരുമായി കണ്ടിരിക്കൽ ട്രാവൽസിനുള്ളത്. അന്നത്തെ സാഹചര്യങ്ങളിൽ നിന്ന് തീർത്ഥാടന സൗകര്യങ്ങൾ വളരെ മാറി. സൗകര്യപ്രദമായ കൂടുതൽ ഫ്‌ളൈറ്റുകൾ, ഭക്ഷണവും താമസവും ടു സ്റ്റാർ ഹോട്ടലുകളിൽ നിന്ന് ഫോർ സ്റ്റാർ നിലവാരത്തിലേക്ക് മാറി. കൂടുതൽ വിശുദ്ധ സ്ഥലങ്ങളിൽ എത്താൻ കഴിയുന്നുണ്ട്. 29000 രൂപയും 700 യുഎസ് ഡോളറുമാണ് ഏകദേശനിരക്ക്.

ലോകപരിചയവും യാത്രാസൗകര്യങ്ങളും വർധിച്ചതോടെ ധാരാളം പേർ വിശുദ്ധനാട് യാത്ര നടത്താൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. അതിൽ പ്രായഭേദമില്ല. 90 വയസുള്ള വ്യക്തികൾ വരെ യാതൊരു ആശങ്കയും കൂടാതെ വിശുദ്ധ നാട്ടിൽ പോയിവരുന്നുണ്ട്. ശാലോം ടെലിവിഷന്റെ ആത്മീയ നേതൃത്വത്തിലാണ് കണ്ടിരിക്കൽ ട്രാവൽ ലിങ്ക്‌സിന്റെ ഓരോ യാത്രയും.

വൻതോതിലുള്ള പരസ്യങ്ങളോ വലിയ ഓഫറുകളോ ഒന്നും നൽകിയല്ല മാത്യു തീർത്ഥയാത്രകൾ സംഘടിപ്പിക്കുന്നത്. ഓരോ ഗ്രൂപ്പിനുമൊപ്പം മാത്യുവോ മകൻ മാത്യു എം. കണ്ടിരിക്കലോ ഉണ്ടാകും. ഇവരൊടൊപ്പം യാത്രചെയ്തിട്ടുള്ളവർ തന്നെയാണ് കണ്ടിരിക്കൽ ട്രാവൽസിനെ വളർത്തിവലുതാക്കിയത്. ഇതിനകം ആയിരകണക്കിന് തീർത്ഥാടകർ കണ്ടിരിക്കൽ ട്രാവൽസ് വഴി വിശുദ്ധനാട് സന്ദർശിച്ചു. ഒന്നിലേറെ തവണ വിശുദ്ധനാട് സന്ദർശിക്കാനും ധാരാളം പേർ മുന്നോട്ട് വരുന്നുണ്ട്. മറ്റ് ഡെസ്റ്റിനേഷനുകളിലേക്കുള്ള ടൂർപാക്കേജുകളും കണ്ടിരിക്കൽ ട്രാവൽ ലിങ്ക്‌സ് വിതരണം ചെയ്യുന്നുണ്ട്.

ബിസിനസിന്റെ വളർച്ചയ്ക്കിടയിലും കഴിയുന്നിടത്തോളം ആളുകളെ സഹായിക്കണമെന്ന ചിന്താഗതിക്കാരനാണ് മാത്യു കണ്ടിരിക്കൽ. മാത്യുവിന്റെ യശശരീരനായ പിതാവ് കണ്ടിരിക്കൽ കെ.എം.മത്തായിയും സാമൂഹ്യസേവനത്തിൽ അതീവ തത്പരനായിരുന്നു. പിതാവിന്റെ നാലാം ചരമവാർഷിക ദിനത്തിലാണ് 1993 ഫെബ്രുവരി 13-ന് മാത്യു സ്‌നേഹദീപം ട്രസ്റ്റ് ആരംഭിക്കുന്നത്.

തൊടുപുഴ ഗവൺമെന്റ് ആശുപത്രിയിലെ നിർധനരായ രോഗികൾക്കും കൂടെനിൽക്കുന്നവർക്കും ഞായറാഴ്ചകളിൽ ഉച്ചഭക്ഷണം നൽകുകയായിരുന്നു ആദ്യലക്ഷ്യം. അന്നു മുതൽ ഇന്നു വരെ ഞായറാഴ്ചകളിലെ അന്നദാനം സ്‌നേഹദീപം ട്രസ്റ്റിന്റെ നേതൃത്വത്തിൽ മുടക്കമില്ലാതെ നടന്നുവരുന്നു. നൂറോളം മാനസികരോഗികൾക്ക് പൈങ്ങുളം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകാനും സ്‌നേഹദീപം ട്രസ്റ്റ് മുൻകൈയെടുത്തു.

തൊടുപുഴയിൽ ഒരു ആംബുലൻസ് മാത്രമുണ്ടായിരുന്ന കാലത്ത് സ്‌നേഹദീപം ട്രസ്റ്റ് ആംബുലൻസ് സർവീസ് ആരംഭിച്ചു. അതിന് നിമിത്തമായത് സമീപപ്രദേശത്തുണ്ടായ ബസ് അപകടമായിരുന്നു. അപകടമുണ്ടായ ദിവസം താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് തകരാറിലായിരുന്നു. യഥാസമയം ചികിത്സ കിട്ടാതെ അപകടത്തിൽ പരിക്കേറ്റ സ്‌കൂൾ വിദ്യാർത്ഥി മരിക്കുകയും ചെയ്തു. ഈ അവസ്ഥ ഇനി ആർക്കു മുണ്ടാകരുതെന്ന് കരുതി സ്‌നേഹദീപം ട്രസ്റ്റ് ആംബുലൻസ് വാങ്ങിയത്.ആംബുലൻസുകൾ വർധിച്ച സാഹചര്യത്തിൽ സ്‌നേഹദീപം ട്രസ്റ്റ് ആംബുലൻസ് സർവീസ് നിർത്തിവച്ചിരിക്കുകയാണ്. കൂടാതെ നിർധനരായ രോഗികൾക്ക് മരുന്നു വാങ്ങാനും ട്രസ്റ്റ് സഹായം നൽകിവരുന്നു.

നേത്രദാനത്തിന്റെ ആവശ്യകത തിരിച്ചറിയുന്ന മാത്യുചേട്ടൻ സ്‌നേഹദീപം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ രംഗത്തേക്കും കടന്നുവന്നു. ഇതേവരെ ഇരുന്നൂറോളം പേരുടെ കണ്ണുകൾ സ്‌നേഹദീപം ട്രസ്റ്റ് മുഖേന അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുടെ ഐ ബാങ്കിലേക്ക് സംഭാവന ചെയ്തു.

സാമൂഹ്യസേവനരംഗത്തും മാത്യു കണ്ടിരിക്കൽ നിറസാന്നിധ്യമാണ്. തൊടുപുഴ വൈഎംസിഎയുടെ സ്ഥാപക പ്രസിഡന്റായ അദ്ദേഹം കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയിലും സജ്ജീവമാണ്. നേരത്തെ കോതമംഗലം രൂപത പാസ്റ്ററൽ കൗൺസിൽ അംഗമായിരുന്നു. ഭാര്യ: മേഴ്‌സി മാത്യു, മക്കൾ മീവ ജിമ്മി, മാത്യു എം. കണ്ടിരിക്കൽ.