ബംഗലുരുവിൽ വോഡഫോൺ സൈക്ലിങ്ങ് മാരത്തൺ

Posted on: December 26, 2014

Vodafone-Cycling-Marathon-l

വോഡഫോൺ സൈക്ലിങ്ങ് മാരത്തൺ മാർച്ച് ആദ്യവാരം ബംഗലുരുവിൽ നടക്കും. എണ്ണായിരത്തോളം സൈക്കിളോട്ടക്കാർ മാരത്തണിൽ പങ്കെടുക്കും.

പരിസ്ഥിതി സംരക്ഷണത്തിനായി ചെറുയാത്രകൾക്കും മറ്റും സൈക്കിളുകൾ ഉപയോഗിക്കുക എന്നതാണ് മാരത്തണിന്റെ ലക്ഷ്യം. മാരത്തണിൽ പങ്കെടുക്കുന്നവരിൽ 150 പേർ സൈക്ലിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചവരാണ്.

സന്നദ്ധ സംഘടനയായ ഇന്ത്യാ കെയേർസ് ആണ് സൈക്ലിങ്ങ് മാരത്തണിന്റെ ജീവകാരുണ്യ പങ്കാളി. മാരത്തൺ വഴി സ്വരൂപിക്കുന്ന തുകയുടെ ഒരു ഭാഗം വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ വിനിയോഗിക്കും. സൈക്ലിങ്ങിൽ പങ്കെടുക്കുന്ന ഏതൊരാൾക്കും ഒരു കുട്ടിയുടെ വിദ്യാഭ്യാസമോ ഭിന്നശേഷിയുള്ളവർക്കു തൊഴിൽ പരിശീലനമോ സ്‌പോൺസർ ചെയ്യാം.

ചാംപ്യൻ റേസ് – 60 കി.മീ, പാഷൻ റേസ് – 40 കി.മീ, ഗ്രീൻ റൈഡ് – 20 കി.മീ, ഫാഷൻ റൈഡ് – 5 കി.മീ എന്നീ നാലു വിഭാഗങ്ങളിലാണ് മാരത്തണിൽ മത്സരം. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കായി രസകരമായ കിഡ്‌സ് റൈഡും ഉണ്ടായിരിക്കും.

മൊത്തം 10 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ചാംപ്യൻ റേസിന്റെ മാത്രം വിജയികളെ കാത്തിരിക്കുന്നത്. ഈ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരന് 2.5 ലക്ഷം രൂപ ലഭിക്കും. രണ്ടാം സ്ഥാനക്കാരന് 1.75 ലക്ഷം രൂപയും മൂന്ന്, നാല് സ്ഥാനക്കാർക്ക് യഥാക്രമം 1.25 ലക്ഷവും ഒരു ലക്ഷവും രൂപ വീതം ലഭിക്കും. ശേഷിക്കുന്ന 3.5 ലക്ഷം രൂപ ഈ വിഭാഗത്തിലെ മറ്റു വിജയികൾക്കായി മാറ്റിവയ്ക്കും. പാഷൻ റേസിൽ മുന്നിലെത്തുന്ന ആദ്യ അഞ്ചു പേർക്കായി രണ്ടു ലക്ഷം രൂപ വിഭജിച്ചു നൽകും.

എല്ലാ വിഭാഗത്തിലും മെറിറ്റിനനുസരിച്ച് ഇ-സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകും. www.vodafone.in/cycling എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്ന ആർക്കും മത്സരത്തിൽ പങ്കെടുക്കാം.