പാരീസ് കാലാവസ്ഥാ ഉടമ്പടി നടപ്പാക്കാനുള്ള ചട്ടങ്ങളായി

Posted on: December 17, 2018

പോളണ്ട് : ആഗോളതാപനം രണ്ടു ഡിഗ്രിയായി കുറയ്ക്കാനുള്ള പാരീസ് കാലാവസ്ഥാ ഉടമ്പടി എങ്ങനെ നടപ്പാക്കണമെന്നതിനെക്കുറിച്ചുള്ള ചട്ടങ്ങളായി. കോണണ്ടിലെ കറ്റൊവിറ്റസെയില്‍ ശനിയാഴ്ച സമാപിച്ച രണ്ടാഴ്ച നീണ്ട 24 ാം കാലാവസ്ഥാ ഉച്ചകോടി ഇതിനുള്ള ചട്ടസംഹിത അംഗീകരിച്ചു.

ബ്രസീല്‍, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്ന് ചില എതിര്‍പ്പുകള്‍ ഉയര്‍ന്നുതിനാല്‍ അവസാന ദിവസത്തെ ചര്‍ച്ച രാത്രി വൈകിയും നീണ്ടു. ഒടുവില്‍ ഉച്ചകോടിയില്‍ പങ്കെടുത്ത ഇരുന്നൂറോളം രാജ്യങ്ങളും 133 പോജുള്ള പാരീസ് ചട്ടസംഹിത ഏകകണ്ഠമായി അംഗീകരിച്ചു. ഇതോടെ പാരീസ് കാലാവസ്ഥ ഉടമ്പടി 2020 ല്‍ നിലവില്‍ വരും. ഉടമ്പടി നടപ്പാക്കുന്നതിനുള്ള ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നടപടിക്രമങ്ങളുമാണ് പാരീസ് ചട്ടസംഹിതയിലുള്ളത്.

എല്ലാ രാജ്യങ്ങളും ചട്ടസംഹിതയ്ക്കായി അവിശ്രാന്തം പരിശ്രമിച്ചെന്നും പ്രതിജ്ഞാബദ്ധത കാണിച്ചെന്നും ഇരുപത്തിനാലാം ഉച്ചകോടിയുടെ അധ്യക്ഷനായ മിച്ചല്‍ കുര്‍ടിക പറഞ്ഞു.

ഉടമ്പടിയുടെ നടപ്പാക്കല്‍ എല്ലാ തുറകളിലുള്ളവര്‍ക്കും പ്രത്യേകിച്ച്, സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലുള്ളവര്‍ക്ക് ഗുണം ചെയ്യുമെന്ന് ഐക്യരാഷ്ട്രസഭാ കാലാവസ്ഥാ സെക്രട്ടേറിയേറ്റ് പറഞ്ഞു.

ചട്ടസംഹിതയില്‍ കലാവസ്ഥാമാറ്റം നിയന്ത്രിക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങലെക്കുറിച്ച് രാജ്യങ്ങള്‍ക്ക് വിവരം കൈമാറാനുള്ള രീതികളുടെയും വികസ്വരരാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിന്റെയും വിശദാംശങ്ങളുണ്ട്.

വികസ്വരരാജ്യങ്ങളെ സഹായിക്കാന്‍ 2025 മുതല്‍ പുതിയനിധി രൂപവത്കരിക്കുന്ന പ്രക്രിയ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ ഇതിലുണ്ട്. 2020 മുതല്‍ ഒരോ വര്‍ഷവും 10,000 കോടി ഡോളര്‍ ( 7.2 ലക്ഷം കോടി രൂപ) സമാഹരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാന്‍ ഒരോ രാജ്യവും സ്വീകരിച്ച നടപടികള്‍ 2023 ന്‍ വിലയിരുത്തുന്നത് എങ്ങനെ എന്നതിന്റെ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിനുള്ള സാങ്കേതികവിദ്യ വികസിതരാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കിയതിന്റെ പുരോഗതി പരിശോധിക്കുന്നതും ഈ സംഹിത അടിസ്ഥാനമാക്കിയായിരിക്കും.

TAGS: COP24 |