വിഷപ്പുക തുപ്പുന്ന വണ്ടിക്കും ഗുഡ് സർട്ടിഫിക്കേറ്റ്

Posted on: August 13, 2014

Bmtc-electric-bus-B

ഏകദേശം 75, ലക്ഷത്തോളം വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഓരോ ദിവസവും ശരാശരി 25,00 ൽപ്പരം പുതിയ വാഹനങ്ങളും രജിസ്‌ട്രേഷന് എത്തുന്നു. എറണാകുളത്താണ് (കെഎൽ-07) ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. പ്രതിദിനം 200-250 എണ്ണം. തിരുവനന്തപുരവും കോഴിക്കോടും തൊട്ടുതന്നെയുണ്ട്. ഏറ്റവും കുറവ് വയനാട്ടിലും. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിലെ വാഹനവില്പനയിൽ ഗണ്യമായ വളർച്ചയുണ്ടായി.

സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മുഴുവൻ എല്ലാ ദിവസവും നിരത്തിലിറങ്ങുന്നില്ലെന്നുള്ളത് ശരി തന്നെ. പക്ഷെ അന്യസംസ്ഥാനങ്ങളിൽ നിന്നും ധാരാളം വാഹനങ്ങൾ കേരളത്തിൽ വന്നുപോകുന്നുണ്ട്. ഇവയെല്ലാം കൂടി കേരളത്തിലെ റോഡുകളിൽ തുപ്പുന്ന പുക കണക്കാക്കിയാൽ തലകറങ്ങും. വാഹനങ്ങൾ ഉയർത്തുന്ന വിഷപ്പുകയെപ്പറ്റി മോട്ടോർ വാഹനവകുപ്പും ബോധവാൻമാരാണ്. പുക ഉയർത്തുന്ന വെല്ലുവിളി നേരിടാൻ 105 പുക പരിശോധന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലൂടെ അവർ ജനങ്ങളെ ആശ്വസിപ്പിക്കുന്നു.

സംസ്ഥാനത്തെ 75 ലക്ഷം വാഹനങ്ങൾക്കു 105 പുക പരിശോധന കേന്ദ്രങ്ങൾ. അതായത് 71,428.57 വാഹനങ്ങൾക്കു ഒരു കേന്ദ്രം. കണക്കുകണ്ടു ഞെട്ടേണ്ട. 71,000 പോയിട്ട് 700 വാഹനം പോലും പുക പരിശോധനാ കേന്ദ്രങ്ങളിൽ ഒരു മാസം എത്തുന്നില്ല. ആറുമാസത്തിൽ ഒരിക്കൽ പുക പരിശോധിപ്പിച്ച് വാങ്ങേണ്ട സർട്ടിഫിക്കേറ്റ് നിരത്തിലോടുന്നവയിൽ 75 ശതമാനത്തിനും ഇല്ലെന്നുള്ളതാണ് യാഥാർത്ഥ്യം.

ആവശ്യത്തിനു സ്റ്റാഫില്ലാത്തതിനാൽ സർട്ടിഫിക്കേറ്റ് പരിശോധിക്കാൻ മോട്ടോർ വാഹനവകുപ്പിനും കഴിയാറില്ല. ഏകദേശം 600 ഓളം ജീവനക്കാരുടെ കുറവ് ഇപ്പോൾ തന്നെ മോട്ടോർ വാഹനവകുപ്പിലുണ്ട്. നിലവിലുള്ളവർക്ക് ആകട്ടെ താങ്ങാനാവാത്ത ജോലിഭാരം ഇപ്പോൾ തന്നെയുണ്ട്. ഈ പരിമിതി മുതലെടുത്താണ് വിഷപ്പുകതുപ്പുന്ന വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നത്. ഓടിക്കുന്നവൻ തന്നെ ശ്വാസകോശരോഗിയാകുന്നത് അവൻ അറിയുന്നില്ല. എസി ഇല്ലാത്ത വാഹനമാകുമ്പോൾ സ്വന്തം വാഹനത്തിലെ പുക ഓടിക്കുന്നവന്റെ ശ്വാസകോശത്തിലും കയറും.

വാഹങ്ങൾ എത്തുന്നില്ലെങ്കിൽ പിന്നെ പുകപരിശോധനാ കേന്ദ്രങ്ങൾ എങ്ങനെ പിടിച്ചുനിൽക്കും ? കാശുമുടക്കി വെറുതേ ഇരുന്നാൽ പോര. അതിനു ഒക്കെ ചില നമ്പരുകളുണ്ട്. നിലനിൽപ്പിന്റെ രഹസ്യം പറഞ്ഞു തന്നത് കോട്ടയം ജില്ലയിലെ ഒരു പുകപരിശോധന കേന്ദ്രം നടത്തിപ്പുകാരൻ. വാഹനം എത്താതെ ദിവസങ്ങളോളം വെറുതേ ഇരിക്കേണ്ടി വരുമ്പോൾ ഒരു ഫുൾബോട്ടിൽ മദ്യം ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിലെ പരിചയക്കാരനെ ഏൽപ്പിച്ച് സഹായം അഭ്യർത്ഥിക്കും. അടുത്ത ദിവസങ്ങളിൽ റിസൾട്ട് അറിയാം. പോലീസ് വഴിവിട്ടൊന്നും ചെയ്യേണ്ട. വാഹനപരിശോധനയ്ക്കിടെ പുക പരിശോധനയുടെ സർട്ടിഫിക്കേറ്റ് തിരക്കിയാൽ മതി. ഇല്ലാത്തവൻ പിറ്റേന്നു തന്നെ സർട്ടിഫിക്കേറ്റു വാങ്ങാൻ പുക പരിശോധനാ കേന്ദ്രത്തിലെത്തും.

പോലീസ് ചോദിക്കുമ്പോഴായിരിക്കും പലരും ഇങ്ങനെ ഒരു സർട്ടിഫിക്കേറ്റിനെക്കുറിച്ച് അറിയുന്നത്. ആ അറിവു പണമായി എമിഷൻ ടെസ്റ്റിംഗ് സെന്ററിലെത്തും. പോലീസ് സ്റ്റേഷൻ അടുത്തില്ലെങ്കിൽ ഹൈവേ പെട്രോളിനെ സമീപിക്കും. എങ്ങനെയായാലും സമ്മർദം ചെലുത്താതെ ആരും പൊല്യൂഷൻ സർട്ടിഫിക്കേറ്റ് തേടിവരില്ലെന്ന് 13 വർഷമായി ഈ രംഗത്തു പ്രവർത്തിക്കുന്ന സംരംഭകൻ വെളിപ്പെടുത്തി.

പരിശോധന വെറും നാടകമാണ്. എമിഷൻ ടെസ്റ്റിംഗ് കേന്ദ്രം നടത്തുന്നവന്റെ കീശനിറയ്ക്കാനുള്ള മാർഗം മാത്രം. പേരിന് ഒരു പരിശോധന നടത്തി ഓരോ വാഹനവും അനുവദനീയമായ അളവിൽ കൂടുതൽ പുക വമിപ്പിക്കുന്നില്ലെന്നു സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. വർഷങ്ങളായി അനുവദനീയമായ അളവിൽ കൂടുതൽ പുകതള്ളുന്ന വാഹനത്തിനും കിട്ടും ഈ സർട്ടിഫിക്കേറ്റ്. വാഹനത്തിന്റെ വലുപ്പമനുസരിച്ച് അൻപതോ നൂറോ ഫീസ് നൽകിയാൽ മതി.
സർക്കാർ വാഹനങ്ങൾ പോലീസോ മോട്ടോർവാഹന വകുപ്പോ പരിശോധിക്കാത്തതിനാൽ അവയ്‌ക്കൊന്നും പേരിനു പോലും പൊല്യൂഷൻ സർട്ടിഫിക്കേറ്റുണ്ടാവില്ല.

അന്തരീക്ഷ മലനീകരണത്തെ നിസംഗതയോടെ കാണുന്ന കെഎസ്ആർടിസി കണ്ടുപഠിക്കേണ്ട പൊതുമേഖലാ സ്ഥാനമാണ് ബംഗ്‌ളൂർ മെട്രോ ട്രാൻസ്‌പോർട്ട് കോർപറേഷൻ (ബിഎംടിസി). ബിഎംടിസി ബിഎസ്-3 ബിഎസ്-4 നിലവാരം പുലർത്തുന്ന ബസുകളാണ് സർവീസിനു ഉപയോഗിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ മാസവും ബസുകൾക്ക് പുകപരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിൽ മലിനീകരണം അശേഷമില്ലാത്ത ഇലക്ട്രിക് ബസുകളും ബിഎംടിസി നിരത്തിലിറക്കി. ഇലക്ട്രിക് ബസുകൾക്കു ആറു മണിക്കൂർ ചാർജിംഗിൽ 250 കിലോമീറ്റർ ഓടാനാവും. ഗെയിലിൽ നിന്നും സിഎൻജി ലഭ്യമാക്കുന്ന മുറയ്ക്ക് ബിഎംടിസി ബസുകൾ പ്രകൃതിവാതകത്തിലേക്കും മാറുമെന്ന് ടെക്‌നിക്കൽ ഡയറക്ടർ സി. ജി. ആനന്ദ് പറഞ്ഞു.

റോഡ് വികസനത്തിനും പബ്ലിക്ക് ട്രാൻസ്‌പോർട്ട് സംവിധാനത്തിന്റെ വളർച്ചയ്ക്കുമാണ് കേരളം ഊന്നൽ നൽകേണ്ടത്. അതോടൊപ്പം പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനും കൃത്യമായ വാഹനപരിചരണം ഉറപ്പുവരുത്താനും പൊതുജനങ്ങളെ ബോധവത്കരിക്കുകയും വേണം. മെട്രോ റെയിലും മോണോ റെയിലും പോലുള്ള നഗരഗതാഗതസംവിധാനങ്ങൾ വികസിപ്പിക്കണം. അന്തരീക്ഷമലിനീകരണം കുറഞ്ഞതും ഇന്ധനക്ഷമതയുള്ളതുമായ വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്ന വാഹനനയത്തിനു കേരളം രൂപം നൽകേണ്ട സമയം അതിക്രമിച്ചു.

ചെന്നൈയിൽ പഴയ വാഹനങ്ങൾ പിൻവലിച്ച് ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതിസൗഹൃദവുമായ വാഹനങ്ങൾ വാങ്ങുന്നതിനു ഗ്രീൻ ടാക്‌സി എന്ന പദ്ധതി തമിഴ്‌നാട് സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. സിഎൻജി – ഇലക്ട്രിക് കാറുകൾക്കു കേരളം ഇപ്പോൾ സബ്‌സിഡി നൽകുന്നില്ല. പുതുവൈപ്പ് എൽഎൻജി ടെർമിനൽ പ്രവർത്തനക്ഷമമാകുന്നതോടെ സംസ്ഥാനത്തെമ്പാടും സിഎൻജി പമ്പുകൾ സ്ഥാപിക്കാൻ ഗവൺമെന്റ് മുൻകൈയെടുക്കണം. മാരുതി, ഹ്യൂണ്ടായ് തുടങ്ങിയ പ്രമുഖ വാഹനനിർമാതാക്കളെല്ലാം സിഎൻജി ഉപയോഗിക്കാവുന്ന വാഹനങ്ങൾ വിപണിയിലിറക്കുന്നുണ്ട്. അത്തരം വാഹനങ്ങൾക്കു ടാക്‌സ് ഇളവ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും പരിഗണിക്കണം (അവസാനിച്ചു).

ലിപ്‌സൺ ഫിലിപ്പ്‌